ബാർ കോഴക്കേസ്; മന്ത്രി ബാബുവിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് പിണറായി വിജയൻ

single-img
31 March 2015

TH30_PINARAYI_VIJAY_516498fകോഴിക്കോട്: ബാർ കോഴക്കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ മന്ത്രി ബാബുവിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാർ കോഴക്കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വേണ്ടിയാണ് പലരും ബാറുടമകളിൽ നിന്ന് പണം വാങ്ങിയത്. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മകളാണ് പല മന്ത്രിമാർക്കും അഴിമതി നടത്താൻ ധൈര്യം നൽകുന്നതെന്ന് പിണറായി ആരോപിച്ചു.   കോടതികളുടെ വിമർശനം ഉണ്ടായിട്ടും അതിനെയൊക്കെ പുരസ്കാരമായി കാണുന്നയളാണ് ഉമ്മൻചാണ്ടി.

ഇത്തരമൊരു സംസ്കാരം കോൺഗ്രസിലെ മുൻ നേതാക്കൾ പോലും കാണിച്ചിട്ടില്ല. ബാർ കോഴ കേസിൽ കുറച്ച് തെളിവുകൾ മാത്രമാണ് പുറത്ത് വന്നത്. ഇനിയും പുറത്ത് വരാൻ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥർ അടങ്ങിയ ടീമിനെ ഏൽപിക്കണം. ഉമ്മൻചാണ്ടിക്ക് കോടികൾ കൊടുത്ത് സഹായിച്ചത് മന്ത്രി ബാബുവാണെന്നും പിണറായി ആരോപിച്ചു.

അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇബ്രാഹിം കുഞ്ഞിനെ കുറിച്ച് ഗണേശ് ഉന്നയിച്ച ആരോപണങ്ങൾ അവിശ്വസിക്കേണ്ടതില്ല. ഗണേശിന്, ഇബ്രാഹിം കുഞ്ഞിനോട് വ്യക്തിവിരോധം ഉണ്ടെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു.