മലബാറുകാര്‍ കുവൈത്തിന് നിര്‍മ്മിച്ചു നല്‍കിയ അത്ഭുത പായക്കപ്പലിന് 15 വയസ്സായി

single-img
30 March 2015

AL Hashimi

കുവൈത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്തമായ ആ ‘മലബാര്‍ പായ്ക്കപ്പലി’ന് പതിനഞ്ച് വയസ്സായി. നിലമ്പൂര്‍ കാടുകളില്‍ നിന്നും മുറിച്ചെടുത്ത തേക്കും ബേപ്പൂരിലെ തഴക്കവും പഴക്കവും വന്ന ആശാരിമാരുടെ നിര്‍മ്മാണ ചാതുര്യവും ഒത്തുചേര്‍ന്നപ്പോള്‍ വിരിഞ്ഞത് ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു പായ് കപ്പലായിരുന്നു.

ലോകത്തിലെ മരംകൊണ്ടു നിര്‍മിച്ച ഏറ്റവും വലിയ കപ്പല്‍ എന്ന ഖ്യാതിയാണ് മലബാര്‍ കഴിവില്‍ പൂര്‍ത്തീകരിച്ച ‘അല്‍-ഹാഷിമി 2’നുള്ളത്. കുവൈത്തിലെ അല്‍ മറാഫി കുടുംബത്തിന്റെ സ്വന്തമാണ് ഈ അത്ഭുത കപ്പല്‍.

ഹുസൈന്‍ മറാഫിയാണ് കുവൈത്തില്‍ സഞ്ചാരികളുടെ സ്വപ്‌നയിടമായ അല്‍-ഹാഷിമി പണികഴിപ്പിച്ചത്. തന്റെ പിതാവ് പണ്ട് കച്ചവടാവശ്യാര്‍ഥം കോഴിക്കോട് സന്ദര്‍ശിച്ച് തിരിച്ചു വന്നത് ബേപ്പൂരില്‍ നിര്‍മിച്ച പായ്ക്കപ്പലുമായായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായാണ് ഹുസൈന്‍ മറാഫി അല്‍-ഹാഷിമി 2 പണികഴിപ്പിച്ചത്.

കപ്പല്‍ പണിക്കാവശ്യമായ തേക്കിന്‍ തടികള്‍ നിലമ്പൂരില്‍ നിന്നുമായിരുന്നു കുവൈത്തിലേക്ക് എത്തിച്ചത്. ഒപ്പം ഉരുനിര്‍മാണത്തില്‍ വിദഗ്ദരായ ഒരുപറ്റം ആശാരിമാരെയും കുവൈത്തിലെത്തിച്ചു. പിന്നെ പിഞന്നത് മനോഹരമായ ഒരു പായ്ക്കപ്പലും.

ആറായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയാണ് 1997ല്‍ കീലിടുകയും 2001ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത ഈ പായ്ക്കപ്പലിനുള്ളത്. മൂന്നു കോടി ഡോളറായിരുന്നു അന്നത്തെ നിര്‍മാണ ചെലവ്. റാഡിസണ്‍ ബ്ലൂ ഹോട്ടലുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി സ്ഥിതിചെയ്യുന്ന പായ്ക്കപ്പല്‍ കാണാനായി ആയിരക്കണക്കിന് പേരാണ് ദിനം പ്രതി എത്തുന്നത്.

ആധുനിക റസ്റ്ററന്റും വിശാലമായ കോണ്‍ഫറന്‍സ് ഹാളുമുള്‍പ്പെടെ നിരവധി സൗകര്യങ്ങളുമായാണ് പായ്ക്കപ്പല്‍ സഞ്ചാരികളേയും കാത്ത് കിടക്കുന്നത്.