വനിതാ എം.എല്‍.എ.മാരുടെ പരാതിയില്‍ പ്രത്യേകം അന്വേഷണമില്ല

single-img
28 March 2015

BIJIതിരുവനന്തപുരം: ഡി.ജി.പി.ക്ക് വനിതാ എം.എല്‍.എ.മാര്‍ നല്‍കിയ പരാതിയില്‍ പ്രത്യേകം അന്വേഷണമില്ല. ബജറ്റ് ദിനത്തില്‍ സഭയിലുണ്ടായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ വനിതാ എം.എല്‍.എ.മാരുടെ പരാതികൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തിയാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കി.

ഒരു സംഭവത്തില്‍ രണ്ടു എഫ്.ഐ.ആര്‍.പാടില്ല എന്ന സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്. ബജറ്റ് ദിവസം സ്പീക്കറുടെ ഡയസ് ആക്രമിച്ച സംഭവത്തില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് എസ്.പി.രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  അന്വേഷണം നടത്തുന്നത്.

അതിനോടൊപ്പം വനിതാ എം.എല്‍.എ.മാരുടെ പരാതിയും അന്വേഷിക്കും. ലൈംഗിക ലക്ഷ്യത്തോടെ ഉള്‍പ്പെടെ തങ്ങള്‍ക്കു നേരെ ഭരണപക്ഷ എം.എല്‍.എ.മാര്‍ അക്രമം നടത്തിയെന്നായിരുന്നു അഞ്ചു വനിതാ എം.എല്‍.എ.മാര്‍ പോലീസില്‍ പരാതി നല്‍കിയത്. .

കെ.ശിവദാസന്‍ നായര്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ്, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് കെ.കെ.ലതിക, കെ.എസ്.സലീഖ, അയിഷ പോറ്റി, ജമീല പ്രകാശം എന്നിവര്‍ പരാതി നല്‍കിയത്.