താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ്

single-img
28 March 2015

27-1427443488-pc-georgeഈരാറ്റുപേട്ട:  താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ്. മാണിയുടെ അനുമതിയില്ലാതെ ഒരുകാര്യവും വ്യാഴാഴ്ചവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനുമതിയും പിന്തുണയോടെയുമാണ് എല്ലാം ചെയ്തത്. ഇപ്പോള്‍ അദ്ദേഹം തന്നോട് കാട്ടുന്നത് ക്രൂരതയാണെന്നും ജോര്‍ജ് പറഞ്ഞു.  മാണിയും പി.സി ജോര്‍ജും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി ജോര്‍ജിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത്.

പ്രായമായ വ്യക്തിയാണ് മാണി. ഇനിയെങ്കിലും അദ്ദേഹം പ്രാര്‍ഥനയും ഉപവാസവുമായി കഴിയണം. വിശുദ്ധ ദിവസങ്ങളില്‍ താന്‍ ആര്‍ക്കെതിരെയും ഒന്നും പറയുന്നില്ല. ദു:ഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞ് എല്ലാം പറയാം. ദു:ഖവെള്ളിയും ഈസ്റ്ററും തമ്മില്‍ ഒരു ദിവസത്തെ വ്യത്യാസംമാത്രം. ദു:ഖാചരണത്തിന്റെ വെള്ളിയാഴ്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസം വലിയ സന്തോഷത്തിന്റെ ഈസ്റ്ററാണ്. സന്തോഷം മുഴുവന്‍ തങ്ങള്‍ക്കും ദു:ഖം മുഴുവന്‍ മറ്റുള്ളവര്‍ക്കും വരണമെന്ന സാഡിസ്റ്റ് കാഴ്ചപ്പാട് തനിക്കില്ല.

യു ഡി എഫ് നേതൃത്വം ആലോചിച്ച് തന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കട്ടെ. കോടിയേരി നല്ല സുഹൃത്താണ്. എന്നാല്‍ സൗഹൃദവും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോര്‍ജ് പറഞ്ഞു.