കളഞ്ഞുകിട്ടിയ അരലക്ഷം രൂപയടങ്ങിയ പഴ്‌സ് ഉടമയെ തെരഞ്ഞുപിടിച്ച് തിരിച്ചു നല്‍കി ആക്രിക്കച്ചവടക്കാരന്‍ മാഹിന്‍ തന്റെ കടമ നിര്‍വ്വഹിച്ചു

single-img
24 March 2015

Mahin

വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ അരലക്ഷം രൂപയുടെ വിദേശ കറന്‍സിയും എടിഎം കാര്‍ഡുകളും മറ്റു വിലപിടിപ്പുള്ള രേഖകളുമടങ്ങുന്ന പഴ്‌സ്, അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചാണ് തന്റെ മേനര്‍മ്മ ആക്രികച്ചവടക്കാരനായ മാഹീന്‍ ഒന്നുകൂടി ഉറപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയിലെ റോഡില്‍ നിന്നുമാണു ശനിയാഴ്ച വൈകിട്ടു ആദിക്കാട്ടുകുളങ്ങര ജംക്ഷനില്‍ ആക്രി കച്ചവടം നടത്തുന്ന താവളത്തില്‍ മാഹിമിനു (39) പഴ്‌സ് കിട്ടിയത്. പഴ്‌സിനുള്ളില്‍ വിലാസമുണ്ടായിരുന്നെങ്കിലും ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. വിദ്യാഭ്യാസം കുറവായ മാഹീമിന് വിലാസം വായിക്കാനുമായില്ല. പഴ്‌സില്‍ നിന്നും ലഭിച്ച 20 പേരുടെ ഫോണ്‍ നമ്പറുള്ള ബുക്കില്‍ കണ്ട നമ്പറുകളിലേക്ക് തന്റെ ഫോണില്‍ നിന്നും മാഹീന്‍ വിളിച്ചെങ്കിലും അവരാരുമല്ലായിരുന്നു പഴ്‌സിന്റെ ഉടമ.

ഒടുവില്‍ വിളിച്ച നമ്പര്‍ ചെറിയനാട് കൊല്ലകടവ് കൊന്നയില്‍ കോശി വര്‍ഗീസിന്റെ മൊബൈല്‍ ഫോണിലേക്കായിരുന്നു. കോശി വര്‍ഗ്ഗീസിന്റെ മകന്‍ സുനില്‍ വര്‍ഗീസ് കോശിയാണ് ഫോണെടുത്തത്. വിവരമറിഞ്ഞ ഇദ്ദേഹവും മാഹീനൊപ്പം അന്വേഷണത്തില്‍ കൂടി. ഒടുവില്‍ ഇവര്‍ നടത്തിയ തെരച്ചിലില്‍ കുമ്പളാംപൊയ്കയിലുളള ചാണ്ടി കോശിയാണ് പഴ്‌സ് ഉടമയെന്ന് കണ്ടെത്തുകയായിരുന്നു.

ചാണ്ടി കോശി ആദിക്കാട്ടുകുളങ്ങരയിലെത്തി മാഹിമില്‍ നിന്നും പഴ്‌സും മറ്റുരേഖകളും ഏറ്റുവാങ്ങി. എന്നാല്‍ പ്രതിഫലമായി ചാണ്ടികോശി നല്‍കിയ പണം മാഹിം സന്തോഷത്തോടെ നിരസിക്കുകയായിരുന്നു.

വളരെ ദരിദ്രമായ ചുറ്റുപാടിലാണ് മാഹീമിന്റെ ജീവിതം. വാടകയ്‌ക്കെടുത്ത രണ്ടു മുറിക്കളില്‍ ഒന്നില്‍ ഭാര്യ ഹസീന, മക്കളായ ഫാത്തിമ, ബീമ എന്നിവരോടൊപ്പം മാഹിന്‍ ജീവിക്കുന്നു. അടുത്ത മുറി മാഹീമിന്റെ ആക്രി സാധനങ്ങളുടെ കടയും.