ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ്; മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്‍മാരുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 84 വയസ്സ്

single-img
23 March 2015

bhagat-singh-sukhdev-rajgur

”വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും”

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്‍ ഭഗത് സിംഗിന്റെ വാക്കുകളാണിത്. ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്‍ന്നുനല്‍കി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെയും രാജ്ഗുരു, സുഖ്‌ദേവ് സിംഗ് എന്നീ ഭരതപുത്രന്‍മാരുടെയും ഓര്‍മ്മകള്‍ക്ക് 84 വയസ്സാകുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗവും അന്ന് ഇന്ത്യയുടെ അഭിവാജ്യഘടകവുമായിരുന്ന പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബംഗാ ഗ്രാമത്തിലെ ഒരു സിഖ് കുടുംബത്തില്‍ ജനിച്ച ഭഗത് സിംഗ് തന്റെ 23 വര്‍ഷത്തെ ജീവിത കാലയളവിനുള്ളില്‍ ബ്രട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച സമരസേനാനിയായി മാറിയത് സ്വാതന്ത്ര്യത്തോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം മൂലമാണ്. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ദര്‍ശിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം, ആവശ്യമെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ്, പക്ഷേ തെരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയായിരുന്നു. അതേ പാതയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കടന്നുവന്നു.

ജോണ്‍ സൗണ്ടര്‍ എന്ന പോലീസുകാരനെ വധിച്ച കേസിലാണ് ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പക്ഷേ പിടിയിലായത് ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോര്‍ ഗൂഢാലോചനക്കേസിലും. സര്‍ക്കാര്‍ 1928 ല്‍ പോലീസിന് സ്വതന്ത്ര അധികാരം നല്‍കുന്ന പബ്ലിക് സേഫ്റ്റി ബില്‍ എന്ന പേരില്‍ ഒരു നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതിനെതിരെ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാന്‍ കൂടുന്ന സഭയില്‍ ബോംബെറിയാന്‍ തീരുമാനിച്ചു. ആരെയും വധിക്കാതെ, ഒരു സ്‌ഫോടനത്തിലൂടെ നീതിപീഠത്തിന്റെ കണ്ണുതുറപ്പിക്കുകയെന്ന ഉദ്ദേശ്യമായിരുന്നു ഭഗത്സിംഗിനും കൂട്ടര്‍ക്കുമുണ്ടായിരുന്നത്.

Bhagat_Singh

ഇതിനെതുടര്‍ന്ന് 1929 ഏപ്രില്‍ 8 ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയില്‍ ബോംബെറിഞ്ഞ് ഇന്‍ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്വം മൂര്‍ദ്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി. ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍ സ്‌ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനങ്ങളും അവര്‍ വിതരണം ചെയ്ത് അവര്‍ സ്വയം അറസ്റ്റ് വരിക്കുകയായിരുന്നു. ജയിലില്‍ എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തിധ14പ. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു.

1930 മെയ് അഞ്ചു മുതല്‍ 1930 സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. അസ്സംബ്ലി ബോംബേറു കേസില്‍ ബി.കെ.ദത്ത് ഉള്‍പ്പടെയുള്ള മൂന്നു പേരെ മുമ്പ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ വധശിക്ഷയൊഴിവാകുമെന്നിരിക്കേ തന്റെ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത് സിംഗും കൂട്ടരും. അതിന്‍പ്രകാരം 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കി. 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.

മൃതശരീരങ്ങള്‍ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് അഗ്‌നിക്കിരയാക്കി ചാരം, സത്‌ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാര്‍ പ്രതികാരം തീര്‍ത്തു.

അന്ന് തങ്ങളുടെ മരണത്തിലൂടെ ഭഗത് സിംഗും രാജഗുരുവും സുഖ്‌ദേവും കൊളുത്തിയ ദീപം രാജ്യെത്ത യുവാക്കളുടെ വിപ്ലവവീര്യത്തില്‍ പടര്‍ന്ന് സ്വതന്ത്ര്യത്തിനിപ്പുറം ഒന്നുമില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യംവരെയെത്തുകയായിരുന്നു.