മാനസികപ്രശ്‌നമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കു ലഭിക്കുന്ന ഇളവു നേടിയെടുക്കാനായി നിസാമിനെ മനോരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം

single-img
16 March 2015

Nissam-HO41sസെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനമിടിച്ചും കൊലപ്പെടുത്തിയ കിങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിനെ വധക്കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ മനോരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. നിഷാമിന്റെ ബന്ധുക്കളും മറ്റും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമാനമായ സംഭവങ്ങള്‍ നേരത്തേ ഉണ്ടായതു ചൂണ്ടിക്കാട്ടിയും ഇതു സാധൂകരിക്കുന്ന രേഖകള്‍ സൃഷ്ടിച്ചും ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. മുമ്പ് നിസാം ബംഗളൂരുവില്‍ മറ്റൊരാളെ കാറിടിപ്പിച്ച സംഭവമാണ് സമാനസംഭവമായി പ്രതിഭാഗം ചൂണ്ടിക്കാട്ടാനൊരുങ്ങുന്നത്. മാനസികനില ശരിയല്ലാത്ത സമയത്ത് ചെയ്യുന്ന പ്രവൃത്തികളില്‍ ഒന്നുമാത്രമാണിതെന്നു വ്യാഖ്യാനിച്ച് മാനസികപ്രശ്‌നമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കു ലഭിക്കുന്ന ഇളവു നേടിയെടുക്കാനാണ് പ്രതിയുടെ ശ്രമം.

പല സമയത്ത് വ്യത്യസ്ത രീതിയില്‍ പെരുമാറുന്ന ബൈപോളാര്‍ ഡിസോഡര്‍ നിസാമിന് ഉണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ശിക്ഷയുടെ കാര്യത്തില്‍ ഇളവുണ്ടാകുമെന്നാണ് പ്രതിഭാഗം കരുതുന്നത്. എന്നാല്‍ ഈ അസുഖത്തിന് നിയമത്തിന്റെ ആനുകൂല്യം കിട്ടില്ലെന്നും പക്ഷേ ിതിന്റെ അടിസ്ഥാനത്തില്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചേക്കാവുന്ന ചിത്തഭ്രമംപോലുള്ള കഠിന മാനസിക രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന രേഖകള്‍ സംഘടിപ്പിക്കാന്‍ വിഷമമുണ്ടാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.