രഞ്ജിട്രോഫി ഫൈനലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ ഇനി മലയാളിയുടെ പേരില്‍; കര്‍ണ്ണാടകയ്ക്കു വേണ്ടി കരുണ്‍ നായര്‍ നേടിയത് 328 റണ്‍സ്

single-img
12 March 2015

karun-nair

രഞ്ജി ട്രോഫി ഫൈനലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി മലയാളിയുടെ പേരില്‍. കര്‍ണാടക്കായി കളിക്കുന്ന മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ 328 റണ്‍സ് നേടിയാണ് 69 വര്‍ഷം പഴക്കമുളള ഈ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

560 പന്തില്‍ 46 ബൗണ്ടറിയും ഒരു സിക്‌സും സഹിതാണ് കരുണ്‍നായര്‍ 328 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്. ബറോഡ താരം ഗുല്‍ മുഹമ്മദ് 1946-47ല്‍ ഹോള്‍ക്കര്‍ ടീമിനെതിരെ രഞ്ജി ഫൈനലില്‍ നേടിയ 319 റണ്‍സായിരുന്നു ഇത് വരെയുളള ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. ഇത്രയും റണ്‍സിനായി 15 മണിക്കൂറോളമാണ് കരുണ്‍നായര്‍ ക്രീസില്‍ ചെലവഴിച്ചത്.

കൂടാതെ രഞ്ജി ഫൈനലില്‍ കര്‍ണാടകതാരത്തിന്റെ ഏറ്റവും മികച്ച സ്‌കോറിന്റെ റെക്കോഡും കരുണ്‍ സ്വന്തം പേരില്‍ ചേര്‍ത്തു. 1977-78 ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 247 റണ്‍സിന്റെ റെക്കോഡാണ് അവിടെ തകര്‍ന്നത്. രഞ്ജി ട്രോഫിയിലെ 34ാം ട്രിപ്പിള്‍ സെഞ്ച്വറിയാണ് കരുണിന്റേത്. 1948-49ല്‍ മഹാരാഷ്ട്രയുടെ ബി.ബി. നിംബാല്‍ക്കര്‍ നേടിയ 443 റണ്‍സാണ് രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

തന്റെ കരിയറിലെ ആദ്യ ഡബ്ള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും ഒരേ ദിവസം നേടിയ കരുണ്‍ നായരുടെ മികവില്‍ തമിഴ്ടിനെതിരെ ഒന്നാമിന്നിംഗ്‌സില്‍ കര്‍ണാടക എട്ട് വിക്കറ്റിന് 722 റണ്‍സ് എടുത്തിട്ടുണ്ട്.