ഐടി മേഖലയുടെ ഭാവിയെന്ത് ? – ടെക്നോപാർകിൽ ശില്പശാല നടന്നു

single-img
12 March 2015

unntytyamedഐടി മേഖലയുടെ ഭാവിയെന്ത് എന്ന വിഷയത്തെ ആസ്പദമാക്കി ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സംവാദവും ശില്‍പശാലയും 2015 മാര്‍ച്ച് 11 ബുധനാഴ്ച വൈകിട്ട് 5.30 ന് ടെക്നോപാർക്ക്‌, പാര്‍ക്ക് സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലും നിലവില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങളെയും അടിസ്ഥാനമാക്കി ഈ മേഖലയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ആശങ്കകളെയും അവക്കുള്ള പ്രയോഗിക പരിഹാര മാര്‍ഗ്ഗങ്ങളെയും കുറിച്ച് IT മേഖലയിലെ പ്രഗത്ഭ വ്യക്തികള്‍ സംസാരിക്കുകയുണ്ടായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ധരുടെ മറുപടിയും പരിപാടിയുടെ പ്രധാന ആകര്‍ഷണീയത ആയിരിന്നു.

ICFOSS ന്റെ ഡയറക്ടര്‍ ആയ ശ്രീ. സതീഷ് ബാബു ആയിരിന്നു ചടങ്ങിലെ മുഖ്യാതിഥി. സമീപകാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും പരിഹാര മാര്‍ഗ്ഗങ്ങളാരായുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും മാനുഷിക വിഭവ ശേഷിയാല്‍ അനുഗൃഹീതരായ നമ്മള്‍ ആഗോള തലത്തില്‍ തന്നെ മത്സരിക്കുവാന്‍ സ്വയം പ്രാപ്തരാക്കുകയെന്നത് അനിവാര്യമെന്നും അദ്ദേഹം പറയുകയുണ്ടായി.

CDS ല്‍ നിന്നുള്ള പ്രൊഫ. കെ. എന്‍. ഹരിലാല്‍, കെ.ജെ.ജോസഫ് എന്നിവരും കേരള ഗവണ്മെന്റ് ന്റെ മുൻ
ഐടി ഉപദേഷ്ടാവും ടെക്നൊപാര്‍ക്കിലെ സ്റ്റാന്‍ഡ് ഔട്ട് ഐ. റ്റി. സൊലൂഷന്‍സിന്റെ CEO യും ആയ ജോസഫ് സി. മാത്യൂ എന്നിവരും ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.

25 വര്‍ഷത്തിനുള്ളില്‍ 100 മില്യണില്‍ നിന്നും 100 ബില്യണിലേക്ക് ഇന്‍ഡ്യയുടെ സോഫ്റ്റ് വയര്‍ കയറ്റുമതി ഉയര്‍ന്നു എന്ന വലിയ കാര്യം നിലനില്‍ക്കെ തന്നെ ചൈനയുടെ മാതൃക പിന്തുടരുകയാണ് നമുക്ക് ഇനി കൂടുതല്‍ അഭികാമ്യമെന്ന് പ്രൊഫ. കെ. ജെ. ജോസഫ് തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറയുകയുണ്ടായി. 2012-13 കാലയളവില്‍ ചൈനയുടെ മൊത്തം സോഫ്റ്റ് വയര്‍ കയറ്റുമതി ആയ 300 ബില്യണില്‍ 270 ഉം സ്വന്തം മാര്‍ക്കറ്റിനു വേണ്ടിയായിരിന്നു എന്ന അതിപ്രധാന കാര്യം മനസ്സിലാക്കാനും ഒപ്പം സേവന മേഖലയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാതെ ഇതിന്റെ ഉത്പാദന മേഖലയിലും കൂടി വ്യാപരിക്കാതെ നമുക്കിനി മുന്‍പോട്ട് പോകാനാകുകയില്ല എന്ന സത്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഈ മേഖലയിലെ അനവസരത്തിലുള്ള പിരിച്ചുവിടലുകളെ ശക്തമായ രീതിയില്‍ നേരിടെണ്ടതുണ്ടെന്നും അതിനായി ഒരു കൂട്ടായ വിലപേശല്‍ ആവശ്യമായുണ്ടെന്നും ശ്രീ. ജോസഫ് സി. മാത്യു അഭിപ്രായപ്പെട്ടു. യാതൊരു വിധ ലാഭ നഷ്ടക്കണക്കുകളെയോ പ്രവര്‍ത്തന ക്ഷമതാ നിലവാരത്തെയോ ആസ്പദമാക്കിയല്ല ഈ പിരിച്ചു വിടല്‍ എന്നത് പൊതുജന മദ്ധ്യത്തില്‍ അനാവരണം ചെയ്യപ്പെടണമെന്നും അദ്ദേഹം പറയുകയുണ്ടായി. ചില വലിയ കമ്പനികള്‍ നടത്തി വരുന്ന അനാവശ്യ പിരിച്ചു വിടലുകള്‍ എല്ലാ കമ്പനികളും ഒരു പാരമ്പര്യമാക്കി മാറ്റാനുള്ള സാദ്ധ്യതയെ അടിയന്തിരമായി ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനികള്‍ നടത്തിപ്പോരുന്ന സാമൂഹ്യ സുരക്ഷിതത്വത്തിന്റെ നിരാസം ഒരു പൊതു വിഷയമാക്കപ്പെടെണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പ്രൊഫ. ഹരിലാല്‍ സംസാരിക്കുകയുണ്ടായി. പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉള്ളില്‍ നിന്നു തന്നെയാണ് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

പ്രതിധ്വനിയുടെ സെക്രട്ടറി ആയ രാജീവ് കൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേവലം ഒരു സാമൂഹ്യ സംഘടനയില്‍ നിന്നും വിവിധ തലത്തിലുള്ള കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കെല്‍പുള്ള ടെക്നോപാര്‍ക്കിലെ തനതായ സാമൂഹ്യ സാംസ്കാരിക സംഘടനയായുള്ള പ്രതിധ്വനിയുടെ രൂപ പരിണാമ ഘട്ടങ്ങളെ രാജീവ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.

ഐടി മേഖലയുടെ ഭാവി എന്ത് എന്ന വിഷയത്തെക്കുറിച്ചുള്ള പ്രതിധ്വനിയുടെ നിര്‍ദ്ദേശങ്ങള്‍ സുജിത് ഹിലാരി അവതരിപ്പിച്ചു. മേഖലയിലെ വിവിധ ശാഖകളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ഒരു വലിയ സംഘം പരിപാടിയില്‍ ഉടനീളം പങ്കെടുക്കുകയുണ്ടായി. അവരില്‍ നിന്നുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രഗത്ഭ വ്യക്തികള്‍ നിവാരണമേകിയത് ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണീയത ആയിരുന്നു.

പ്രതിധ്വനിയുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ വിനീത് ചന്ദ്രന്‍ സ്വാഗതവും ബിമല്‍ രാജ് കൃതജ്ഞതയും അര്‍പ്പിച്ചു.