ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടു

single-img
11 March 2015

Balakrishna

പതിറ്റാണ്ടുകള്‍ നീണ്ട യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ആര്‍. ബാലകൃഷ്ണപിളള. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്.

ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും എല്‍ഡിഎഫിന്റെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ബാലകൃഷ്ണപിള്ള ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. സഭയില്‍ കേരള കോണ്‍ഗ്രസിന്റെ സഹായവും കോടിയേരി അഭ്യര്‍ഥിച്ചു.

അതേസമയം, ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്(ബി) യുഡിഎഫിനു പുറത്താണെന്നും സാങ്കേതികമായി മാത്രമാണ് മുന്നണിയിലുള്ളതെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. മുന്നണിയില്‍ നിലനിര്‍ത്തുന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. നാളെയോ മറ്റെന്നാളോ ചേരുന്ന യുഡിഎഫ് യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.