സീരിയലില്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചു, പിറ്റേദിവസം തന്റെ ഫോട്ടോ മാലയിട്ട് ചുവരില്‍ തൂക്കിയെന്ന് കൊല്ലം തുളസി

single-img
11 March 2015

kollam Thulasiഅഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചതിന്റെ പേരില്‍ തന്റെ കഥാപാത്രത്തെ കൊന്ന് മാലയിട്ട് പിറ്റേദിവസം ചുവരില്‍ തൂക്കിയെന്ന് നടന്‍ കൊല്ലം തുളസി. സീരിയല്‍ രംഗത്തു നിന്നും ഇങ്ങനെയൊരനുഭവം തനിക്കാണ് ആദ്യമായി ഉണ്ടായതെന്ന് കൊല്ലം തുളസി പറഞ്ഞു.

കുറച്ച് എപ്പിസോഡുകള്‍ കഴിയുമ്പോള്‍ പ്രതിഫലം കൂട്ടിത്തരുമെന്ന് പറഞ്ഞതനുസരിച്ച് കൊല്ലം തുളസി ശമ്പളം കൂടുതലായി ആവശ്യപ്പെട്ടപ്പോള്‍ തന്റെ കഥാപാത്രത്തെ കൊലപ്പെടുത്തി സീരിയലില്‍നിന്നുതന്നെ തന്നെ ഒഴിവാക്കിയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. കഥാപാത്രത്തെ ഫോട്ടോയില്‍ മാലചാര്‍ത്തി അടുത്ത എപ്പിസോഡില്‍ ചുവരില്‍ തൂക്കുകയും ചെയ്തു്.

സീരിയലിന്റെ സെറ്റില്‍ ഇതൊന്നുമറിയാതെ വരുമ്പോള്‍ ലൊക്കേഷനില്‍ തന്റെ മരണരംഗം ചിത്രീകരിക്കുന്ന കാഴ്ച വളരെ ദയനീയമായിരുന്നുവെന്നും ഒരിക്കലും ആ രംഗം മനസ്സില്‍ നിന്നും മായില്ലെന്നും അദ്ദേഹം പറഞ്ഞു. സെറ്റില്‍ തന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ തന്റെ രൂപ സാദൃശ്യമുണ്ടെന്നു പറഞ്ഞ് ശവപ്പെട്ടിക്കുള്ളിലാക്കിയ തമിഴന്‍ കോസ്റ്റിയൂമര്‍ ശവപ്പെട്ടിക്കുള്ളില്‍നിന്നും പരിഭ്രമങ്ങളോടെ എഴുന്നേറ്റുവന്ന് തന്നോട് ക്ഷമാപണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാപ്പു എന്ന കഥാപാത്രമായി അഭിനയിച്ച ബാലഗണപതി എന്ന് സീരിയലില്‍ നിന്നും ഒരു കാരണവുമില്ലാതെ തന്നെ ഒഴിവാക്കിയെന്നും ഇക്കാര്യം സംവിധായകനോ പ്രൊഡ്യൂസറോ തന്നെ വിളിച്ച് അറിയിച്ചില്ലെന്നും കൊല്ലം തുളസി പറഞ്ഞു. കഥാപാത്രത്തിന്റെ പുരോഗതി അറിയാന്‍ ബാലഗണപതിയുടെ തിരക്കഥാകൃത്തിനെ ഒരു ദിവസം വിളിച്ചപ്പോഴാണ് ചേട്ടനെ ഒഴിവാക്കിയിരിക്കുകയാണെന്ന് അറിയിച്ചത്.

ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.