നാടുവിടേണ്ടവര്‍ മതവര്‍ഗ്ഗീയതകൊണ്ട് അന്നമൂട്ടുന്നുവരാണ്; കോടിക്കണക്കിന് വരുന്ന മറ്റുള്ളവര്‍ ഇവിടെ സമാധാനത്തോടെ ജീവിക്കട്ടെ

single-img
10 March 2015

indian-secularism

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നാം വാര്‍ഷികം ആേഘാഷിക്കാന്‍ കാത്തു നില്‍ക്കുന്ന ഈ സമയം ഈ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ‘മനുഷ്യരെ’ വേട്ടയാടുന്നത് പ്രധാനമായും ഒരു ചിന്തയാണ്. ഘര്‍വാപ്പസി പോലുള്ള പലമനുഷ്യരും അവരുടെ ജീവിതത്തില്‍ ഇതവരെ കേട്ടിട്ടില്ലാത്ത വാക്കുകള്‍ സംസാരിച്ചുകൊണ്ട് ഭരണനേതൃത്വത്തിന്റെ തലപ്പത്തിരുന്ന് പൊതുജനങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന സംഘപരിവാര്‍ സംഘടനകളുടെ ഇനിയുള്ള നീക്കങ്ങള്‍ എങ്ങോട്ടാണെന്നുള്ള ചിന്തയാണത്. ഒരുവര്‍ഷ ഭരണം കൊണ്ട് നിരോധനങ്ങളുടെ പെരുമഴക്കാലവും, എല്ലില്ലാത്ത നാവുകൊണ്ട് അധ്യാത്മിക ആചാര്യര്‍ എന്ന് സ്വയം ഉദ്‌ഘോഷിക്കുന്നവരുടെ ജല്‍പ്പനങ്ങളും കേട്ട് സഹികെട്ട രാജ്യത്തെ ജനത പലകാര്യങ്ങളിലും പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഭരണകൂടത്തിന്റെ ഭുരിപക്ഷാടിസ്ഥാനത്തില്‍ കടപുഴക്കിയെറിയുമ്പോള്‍ ചില വര്‍ഷങ്ങള്‍ക്ക് ശേഷം ആഗതമാകുന്ന പ്രസ്തുത ജനാധിപത്യ സംവിധാനത്തിന്റെ തന്നെ ഭാഗമായ തെരഞ്ഞെടുപ്പെന്ന പ്രക്രിയ രാജ്യത്തെ ജനങ്ങള്‍ ഇപ്പോഴെ ഓര്‍ത്തു തുടങ്ങിയിരിക്കുന്നു. ഡെല്‍ഹി അതിന്റെ ആദ്യ അടയാളം കാട്ടിത്തന്നു. പ്രതീക്ഷയാണ് തെരഞ്ഞെടുപ്പിനടിസ്ഥാനം. പ്രതീക്ഷയെന്ന വിളിക്കിന്റെ തല്ലിക്കെടുത്തലും ഉയരുന്ന ശബ്ദങ്ങളെ അടക്കലും ഫാസിസ്റ്റ് സൂചനകളാകുമ്പോള്‍ ജനങ്ങള്‍ ഭയക്കും. പക്ഷേ ആ ഭയം അഞ്ചുവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ അവരുടെ ചുണ്ടിലും ഒരു ചിരി വിടരും. ഒരു പരിഹാസത്തിന്റെ ചരി. ജനങ്ങളുടെ ചുണ്ടില്‍ ആ പരിഹാസച്ചിരിക്കുപകരം തൃപ്തിയുടെ പുഞ്ചിരിവിടരാതിരുന്നാല്‍ ഏതു ഭരണകൂടവും ആ പരിഹാസച്ചിരിക്കുമുന്നില്‍ മുട്ടുമടക്കുമെന്നുള്ളതാണ് ലോകസത്യം.

യാതൊരു തരത്തിലുള്ള പക്വതയില്ലായ്മയ്ക്കും പരിഹാരമാണെന്നു തോന്നുന്നു കാവിവസ്ത്രം. ഇരുപത് പോലും തികയാത്ത ‘ബാലിക’മാര്‍ ഇന്ത്യയിലെ പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന ഒരവസ്ഥയിലേക്ക് വരെ ഈ ഒരുവര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ എത്തിയെങ്കില്‍ അതിന്റെയര്‍ത്ഥം ഭരണകൂടം പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിക്കുന്നുവെന്നുതന്നെയാണ്. ഹിന്ദുക്കളല്ലാത്തവര്‍ ഇന്ത്യയില്‍ താമസിക്കരുതെന്നും പാകിസ്ഥാനെ അനുകൂലിക്കുന്നവരെ ചെരുപ്പുകൊണ്ട് അടിച്ച് ഇന്ത്യ കടത്തണമെന്നും കാവിയുടെ ബലത്തില്‍ നാളെ സംസാരിക്കുന്നവര്‍ നാളെ അതു ചെയ്തുകാണിക്കുമെന്നുള്ളത് നൂറുശതമാനം സത്യമാണ്.

ആര്‍ഷഭാരതസംസ്‌കാരമെന്നും ഇന്ത്യന്‍ സംസ്‌കാരമെന്നുമൊക്കെ ഈ വികടവാക്യങ്ങളെ ഉദ്‌ഘോഷിക്കുന്നവര്‍ സിന്ധുനദീതട സംസ്‌കാരം മൊട്ടിട്ട് വിരിഞ്ഞ ഹരപ്പയും മോഹന്‍ജെ-ദാരോയും മറ്റും ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെന്ന കാര്യവും ഓര്‍ക്കണം. ഇന്ത്യ എന്ന രാജ്യത്തിന്റെ സംസ്‌കാരം ഓരോ സാധാരണ ഇന്ത്യക്കാരനും നന്നായി അറിയാം. അത് മത- രാഷ്ട്രീയ- വര്‍ണ്ണ- വര്‍ഗ്ഗ ഭേദമന്യേ സ്‌നേഹമെന്നുള്ള വികാരത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒന്നാണ്. ഈ ഒരു മതസഹിഷ്ണുതയെ അസ്വസ്ഥതയോടെ കാണുന്ന ഏതൊരാളും ഈ രാജ്യത്ത് ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ തീവ്രവാദ പ്രവര്‍ത്തനം തന്നെയാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ ഈ രാജ്യം വിട്ട് കാട്ടിലേക്കോ മണലാരണ്യത്തിലേക്കോ പോകേണ്ടവര്‍. ആദിമമനുഷ്യന്റെ ഉദ്ഭവം കാടാണെന്നിരിക്കേ ഇക്കൂട്ടരും ആ ഒരു വേഷം എടുത്തണിഞ്ഞ് മനുഷ്യരായി പരിണാമം ചെയ്യാന്‍ പ്രയത്‌നിക്കുന്നത് നന്നായിരിക്കും.

ഉത്തരേന്ത്യയിലെ പ്രാന്തപ്രദേശങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പല സാമൂഹിക – മത അസഹിഷ്ണുത കേരളത്തിലേക്കും പ്രവേശിച്ചിട്ടുണ്ട്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ഹിന്ദുമഹാസഭയുടെ പരസ്യമായ രഹസ്യ അജണ്ട കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തേക്കിന്‍കാട് ക്ഷേത്രഭൂമിയാണെന്നും അവിടെ അഹിന്ദുക്കള്‍ പ്രവേശിച്ച് അശുദ്ധമാക്കരുതെന്നും ആവശ്യപ്പെട്ട് ഹിന്ദുമഹാസേനയുടെ കൊടിവെച്ച കാറില്‍ വന്നിറങ്ങി ഗുണ്ടായിസം കാണിക്കുന്ന രീതി ഇങ്ങ് കേരളത്തില്‍ വരെ എത്തിക്കഴിഞ്ഞുവെന്ന് പറഞ്ഞാല്‍ വര്‍ഗ്ഗീയവാദത്തിന്റെ സഞ്ചാരത്തിന്റെ വേഗത അതില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളു.

ഘര്‍വാപ്പസിയും ലൗ ജിഹാദുമടങ്ങുന്ന പ്രതിരോധങ്ങളുയര്‍ത്തി മനുഷ്യന്റെ നന്മയക്കപ്പുറം അവനില്‍ വര്‍ഗ്ഗീയതകുത്തിവെച്ച് പുതിയ സംസ്‌കാരമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ഇക്കാലമത്രയും മതനിരപേക്ഷതയ്ക്ക് ഉദാഹരണമായി ലോകത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്ത ഇന്ത്യയെന്ന രാജ്യം ഈ ഭൂമുഖത്തുനിന്നും ഇല്ലാതാകും. പകരം മതങ്ങളും ജാതികളും ഭരിക്കുന്ന ചെറു രാജ്യങ്ങളുടെ കൂട്ടമായി മാറും. ഇന്ത്യ എന്ന രാജ്യം ഇന്ത്യക്കാരായ സാധാരണ ജനങ്ങളുടെതാണ്. ഭരണകൂടത്തെയും സാമൂഹിക- മത-  രാഷ്ട്രീയ സമതയെ അംഗീകരിക്കുന്ന സാധാരണ ജനങ്ങളുടെ മാത്രം. ഞങ്ങളെ അനുസരിക്കാത്തവര്‍ ഇന്ത്യ വിടണമെന്ന് കല്‍പ്പിക്കുന്ന, വര്‍ഗ്ഗീയതയെന്ന വിഷം ചവച്ചുതുപ്പുന്ന എണ്ണം പറഞ്ഞവരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യ വിടേണ്ടത്. കാരണം ഈ നാട് അവര്‍ക്കവകാശപ്പെട്ടതല്ല. കോടിക്കണക്കിന് മനുഷ്യര്‍ ഒരുമയോടെ വാഴുന്ന ഈ നാട്ടില്‍ നിന്നും അത് കണ്ട് അസഹിഷ്ണുത തോന്നുന്നവര്‍ മാറിനില്‍ക്കുന്നതാണ് ഈ രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന്.