മസ്രത്ത് ആലത്തെ കൂടാതെ കൂടുതൽ തടവുകാരെ വിട്ടയയ്ക്കാന്‍ മുഫ്തിസര്‍ക്കാര്‍ ഒരുങ്ങുന്നു

single-img
10 March 2015

masarat-alamശ്രീനഗര്‍: ജമ്മുകശ്മീരിലെ വിഘടനവാദിനേതാവ് മസ്രത്ത് ആലം ഭട്ടിനെ മോചിപ്പിച്ചത് കൂടാതെ കൂടുതൽ തടവുകാരെ വിട്ടയയ്ക്കാന്‍ മുഫ്തിസര്‍ക്കാര്‍ നടപടി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി ജയിലില്‍ പാര്‍പ്പിച്ചവരെ വിട്ടയയ്ക്കുകയെന്നതാണ് പി.ഡി.പിയുടെ നിലപാടെന്ന് പാര്‍ട്ടിനേതാവും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ഒരു ജനാധിപത്യരാജ്യത്തിന്റെ ഭാഗമാണ് ജമ്മുകശ്മീര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങളുണ്ട്. ജനങ്ങളെ നിയമവിരുദ്ധമായി ജയിലില്‍ പിടിച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുഫ്തിസര്‍ക്കാറിന്റെ അഭിപ്രായം.

മസ്രത്ത് ആലമിനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവെച്ചതാണെന്നും അക്തര്‍ അവകാശപ്പെട്ടു. മസ്രത്ത് ആലത്തെ മോചിപ്പിച്ചതിനെ പ്രധാനമന്ത്രി അപലപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് നിലപാട് വ്യക്തമാക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി.

ഇതിനിടെ ശ്രീനഗര്‍ ജയിലില്‍ കഴിയുന്ന ആഷിഖ് ഹുസൈന്‍ ഫക്തുവിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ ജയിലിലാണ്. കശ്മീരില്‍ ഏറ്റവുംകൂടുതല്‍ കാലം തടവില്‍ കഴിയുന്നയാളെന്ന പരിഗണന നല്‍കി വിട്ടയയ്ക്കാനാണ് നീക്കംനടക്കുന്നത്.

ഭീകരസംഘടനയായ ജമിയത്തുല്‍ മുജാഹിദ്ദീന്റെ മുന്‍കമാന്‍ഡറാണ് ഫക്തു. മനുഷ്യാവകാശപ്രവര്‍ത്തകന്‍ എച്ച്.എന്‍ വാഞ്ചുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

മസ്രത്ത് ആലം ഭട്ടിനെ വീണ്ടും അറസ്റ്റുചെയ്യണമെന്നും ബി.ജെ.പി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ജമ്മുവില്‍ ശിവസേനയുടെയും ക്രാന്തിദളിന്റെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. ഭട്ടിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് പാന്തേഴ്‌സ് പാര്‍ട്ടി ആഹ്വാനംചെയ്ത ബന്ദ് സമാധാനപരമായിരുന്നു. തികച്ചും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് തന്നെ മോചിപ്പിച്ചതെന്ന് മസ്രത്ത് ആലം ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.