പാകിസ്ഥാന്‍ യുവാവ് അമാന്‍ മാഖിജ ഇത്തവണ ഹോളി ആഘോഷിച്ചു, തന്റെ ജീവന്‍ തിരിച്ചു നല്‍കിയ ഇന്ത്യയ്‌ക്കൊപ്പം

single-img
7 March 2015

Amanപാക്കിസ്ഥാനി യുവാവ് അമാന്‍ ലാല്‍ മാഖിജ ഇത്തവണത്തെ ഹോളി ആഘോഷിച്ചത് ഇന്ത്യക്കാരുടെ സ്‌നേഹത്തിനൊപ്പമായിരുന്നു. ആജന്മ ശത്രുതയില്‍ നിന്നും മനുഷ്യ സ്‌നേഹത്തിന്റെ പ്രാവര്‍ത്തികതയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ഈ പാകിസ്ഥാന്‍ യുവാവിന് തിരിച്ചുകിട്ടിയത് തന്റെ ജീവനാണ്.

ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തിയ അമാന്‍ ലാലിന് തക്കസമയത്ത് പത്ത് യൂണീറ്റ് രക്തം ദാനം ചെയ്താണ് ഇന്ത്യന്‍ വിദ്യആര്‍ത്ഥികള്‍ തങ്ങളുടെ കടമ നിറവേറ്റിയത്. അതുകൊണ്ട് മാത്രം അമാന്‍ലാല്‍ ഇന്ന് ജീവിച്ചിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ച് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രകിയയ്ക്കായാണ് പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ ഈ നാല്‍പ്പതുകാരന്‍ സഹോദരനും കരള്‍ ദാതാവുമായ ദില്‍ഷാദ് അലിക്കൊപ്പം ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്‌ക്രിയയ്ക്ക് അടിയന്തിരമായി രക്തം ആവശ്യമായി വന്ന സമയത്താണ് ഒരു പ്രശ്‌നം ഉയര്‍ന്നുവന്നത്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നേരിടുന്ന രോഗിക്ക് സാധാരണയായി ഏതുസമയത്തും പത്ത് യൂണിറ്റ് രക്തം ലഭ്യമാകേണ്ടതാണെങ്കിലും അമാന്റെ സ്വദേശം പാകിസ്ഥാനായതിനാല്‍ ദാതാക്കളെ ലഭ്യമായിരുന്നില്ല.

ഈ അടിയന്തിര സാഹചര്യത്തിലാണ് അമാന്റെ കരള്‍ ദാതാവും സഹോദരനുമായ ദില്‍ഷാദ് രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് കാട്ടി നോട്ടീസ് അടിച്ച് തെരുവില്‍ വിതരണം ചെയ്തത്. ഇക്കാര്യം ടിഞ്ഞാറന്‍ ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുകയുമായിരുന്നു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ മഹാളി സമ്മാനമാണ് ഇന്ത്യക്കാരുടെയും ഡോക്ടര്‍മാരുടെയും ശ്രമഫലമായി ലഭിച്ച ഈ പനര്‍ജന്മമെന്നാണ് അമാന്‍ പറഞ്ഞത്. സ്വാര്‍ത്ഥവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ക്ക് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നവര്‍ തന്റെ കഥകൂടി കേള്‍ക്കണമെന്നും അമാന്‍ പറയുന്നു. ഡോക്ടര്‍മാരായ കെ.ആര്‍. വാസുദേവന്‍, അഭിദീപ് ചൗധരി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.