1900 കോടി രൂപ മുടക്കി അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം അനുമതി നല്‍കി

single-img
4 March 2015

shivaji-memorial

അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് ഒടുവില്‍ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയത്തിന്റെ അനുമതി. രണ്ടുമാസം മുമ്പുതന്നെ 1900 കോടിയുടെ കേന്ദ്രഫണ്ട് അനുവദിച്ചിരുന്നെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി നീണ്ടുപോവുകയായിരുന്നു.

പ്രതികൂല പരിസ്ഥിതികളെ തരണം ചെയ്യുന്ന വിധത്തില്‍ അറബിക്കടലില്‍ കൃത്രിമമായി മണല്‍ത്തിട്ട നിര്‍മ്മിച്ച് 190 മീറ്ററിലധികം യരമുള്ള പ്രതിമ സ്ഥാപിക്കാനാണ് പദ്ധതി. പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രതിമ സ്ഥാപിക്കുന്നതുമൂലം പ്രദേശത്തെ മത്സ്യസമ്പത്ത് നശിക്കുമെന്ന പരിതസ്ഥിതി സംരക്ഷകരുടെ എതിര്‍പ്പാണ് പദ്ധതിയില്‍ കാലതാമസമുണ്ടാക്കാന്‍ കാരണം. ഐഐടിയും, എഇഇആര്‍ഐയും എന്‍ഐഒയും ഇതുമായി ബന്ധപ്പെട്ട് പഠനവും നടത്തിയിരുന്നതിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെയാണ് കേന്ദ്ര സര്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഛത്രപതി ശിവജി സ്മാരക പ്രതിമ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പ്രതിദിനം 1000 വിനോദ സഞ്ചാരികളെങ്കിലും ഇവിടം സന്ദര്‍ശിക്കാനെത്തുമെന്നും പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രി നേരേന്ദ്രമോദിയെതന്നെ എത്തിക്കാനാണ് നീക്കമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. പ്രതിമയുടെ സുരക്ഷയ്ക്കായി ഇസഡ് പ്ലസ് സെക്യൂരിറ്റി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

വിനോദ സഞ്ചാരികള്‍ക്കായി പ്രതിമ നില്‍ക്കുന്ന ദ്വീപിലേക്ക് പ്രത്യേകം ബോട്‌സര്‍വ്വീസ്, ഉള്‍പ്പടെ മികച്ച യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കരയില്‍നിന്നും ദൂരത്തായി നിര്‍മ്മിക്കുന്നതിനാല്‍ ആത്യാവശ്യഘട്ടങ്ങള്‍ക്കായി ആംബുലന്‍സ്, ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തുകയും ചെയ്യുമെന്നും അധികുതര്‍ അറിയിച്ചിട്ടുണ്ട്.