നിര്‍ഭയയെ അപകീര്‍ത്തിപ്പെടുത്തിയും തന്റെ ഭാഗം ന്യായീകരിച്ചുമുള്ള ഡെല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രം

single-img
4 March 2015

Delhi-bus-rapist-1

രാജ്യം നടുങ്ങിയ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ബിബിസി ചാനലിന്റെ നേതൃത്വത്തില്‍ തിഹാര്‍ ജയിലില്‍ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ച ഡോക്യുമെന്ററി സംവിധായിക ലെസ്‌ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പോലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.

പ്രസ്തുത അഭിമുഖം ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംപ്രേക്ഷണം ചെയ്യാനാണ് ചാനല്‍ തീരുമാനിച്ചിരുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയും തന്റെ പ്രവൃത്തികളെ ന്യായീകരിച്ചും പ്രതി അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

മാനഭംഗങ്ങള്‍ക്ക് കാരണക്കാരികള്‍ സ്ത്രീകളാണെന്നും എട്ടു മണിക്കു ശേഷം അവര്‍ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ട് താന്‍ ചെയ്ത തെറ്റില്‍ യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കാതെയാണ് പ്രതി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടിയും കൂട്ടുകാരനും എതിര്‍ക്കാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും പ്രതി അഭിമുഖത്തില്‍ പറയുന്നുണ്ട്.