അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സിന്റെ വിജയം

single-img
3 March 2015

South Africa v Ireland - 2015 ICC Cricket World Cupകാന്‍ബറ: അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 411 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 210 റണ്‍സിന് പുറത്തായി. 45 ഓവറില്‍ അയര്‍ലന്‍ഡ് ടീം ഓള്‍ ഒൗട്ടാവുകയായിരുന്നു. ബാല്‍ബിണി(58 ), കെവിന്‍ ഒബ്രിയന്‍(48) എന്നിവരാണ് അയര്‍ലന്‍ഡ് ടീമിലെ ടോപ് സ്കോറര്‍മാര്‍. പോര്‍ട്ടിഫീല്‍ഡ് (12), നിലല്‍ ഒബ്രിയന്‍(14), ഡോക്റല്‍ (25), സോറന്‍സെന്‍ (22) എന്നിവര്‍ക്കു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 21 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ അബോട്ടാണ് ഐറിഷ് സംഘത്തെ തകര്‍ത്തത്.  159 റണ്‍സെടുത്ത ഹാഷിം അംലയാണ് കളിയിലെ കേമന്‍.

ഈ ലോകകപ്പില്‍ തന്നെ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 400 റണ്‍സ് നേടുന്നത്. അയര്‍ലന്‍ഡിന്റെ അട്ടിമറിശേഷിയില്‍ ആദ്യമൊന്ന് വിരണ്ട ദക്ഷിണാഫ്രിക്ക പിന്നെ ഉഗ്രരൂപം പുറത്തെടുത്തു.  മൂന്നാം ഓവറില്‍ റിവ്യൂവിലൂടെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (1) നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ആംല 128 പന്തില്‍ നിന്ന് 159 ഉം ഡു പ്ലെസ്സിസ് 109 പന്തില്‍ നിന്ന് 109 ഉം റണ്‍സിന്റെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 12.2 ഓവറിൽ 52 റൺസ് നേടുന്നതിന് ഇടയിൽ 5 മുൻ നിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. നാല് സിക്‌സും 16 ബൗണ്ടറിയും അടങ്ങുന്നതാണ് ആംലയുടെ ഇരുപതാം ഏകദിന സെഞ്ച്വറി. ഒരു സിക്‌സും പത്ത് ബൗണ്ടറിയും അടക്കമാണ് ഡു പ്ലെസ്സിസ് തന്റെ നാലാം ഏകദിന സെഞ്ച്വറി തികച്ചത്.

ഡു പ്ലെസ്സിസി, ഡി വില്ല്യേഴ്‌സ്,ആംല എന്നിവരുടെ പുറത്താകലിനെ തുടര്‍ന്ന് കൂട്ടുചേര്‍ന്ന മില്ലറും റിലീ റോസ്സൗവും ഐറിഷ് ബൗളര്‍മാരെ കണക്കിന് തന്നെ പ്രഹരിച്ചു. അവസാന 20 ഓവറില്‍ 230 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്.  8.3 ഓവറിലാണ് റോസ്സൗവും മില്ലറും ചേര്‍ന്ന് 110 റണ്ണിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. അമ്പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റോസ്സൗ 30 പന്തില്‍ നിന്ന് 61ഉം മില്ലര്‍ 23 പന്തില്‍ നിന്ന് 46 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയോടാണ് തോറ്റത്. അയര്‍ലന്‍ഡാവട്ടെ അപരാജിതരാണ്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചവര്‍ രണ്ടാം മത്സരത്തില്‍ യു.എ.ഇയെയും തോല്‍പിച്ചിരുന്നു.