വീടു നിര്‍മ്മാണത്തിന് താല്‍ക്കാലിക വൈദ്യുതി കണക്ഷനെടുത്ത് തൊട്ടടുത്തുള്ള കടയിലേക്ക് വൈദ്യുതി നല്‍കിയ കെട്ടിട ഉടമയില്‍ നിന്നും 111000 രൂപ പിഴ ഈടാക്കി

single-img
28 February 2015

K.S.E.B_Logoകെഎസ്ഇബി വിജിലന്‍സ് സ്‌ക്വാഡ് മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതി മോഷണം പിടികൂടിയ 2,33,350 രൂപ പിഴയീടാക്കി. അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതിനാണു പിഴ.

അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനു പെരുമ്പ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിട ഉടമ പയ്യന്നൂരിലെ എസ്. അബ്ദുള്‍ ഖാദറില്‍ നിന്നും 1,11,000 രൂപ പിഴയീടാക്കി. കെട്ടിടത്തിന്റെ നിര്‍മാണ ആവശ്യത്തിനായി താത്കാലിക വൈദ്യുതി കണക്ഷനെടുത്ത് അതില്‍നിന്നും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക കടയിലേക്കു കണക്ഷന്‍ നല്കി വൈദ്യുതി ദുരുപയോഗം ചെയ്തതിനാണു പിഴയീടാക്കിയത്.

വീട്ടിലേക്കുള്ള ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചു വീട്ടുടമയുടെ ഹോട്ടലിലേക്കു വെള്ളം പമ്പുചെയ്യുന്നതു കണെ്ടത്തിയ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇ. ഭരതന്റെകയ്യില്‍ നിന്നും അധികൃതര്‍ 51,200 രൂപ പിഴയീടാക്കി. വീട്ടുടമ വര്‍ഷങ്ങളായി ഇത്തരത്തില്‍ വൈദ്യുതി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു.

പുതിയതെരു പുഴാതിയില്‍ പ്രവര്‍ത്തിക്കുന്ന ഐബിപി പെട്രോള്‍ പമ്പില്‍ നിന്നും തൊട്ടടുത്ത കൂള്‍ബാറിലേക്ക് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതു കണെ്ടത്തിയ സ്‌ക്വാഡ് 71,150 രൂപ പിഴയീടാക്കി.