എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ബാലനായ ആന്റണിയെ പരിചരിക്കുന്ന സ്റ്റീവ് എന്ന നായയെ മൃഗമെന്ന കാരണത്താല്‍ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടതിനെതിരെ കോടതി; ഇനിമുതല്‍ ആന്റണിക്ക് കൂട്ടായി സ്റ്റീവിനും സ്‌കൂളില്‍ പോകം

single-img
28 February 2015

stevie-and-anthony

സ്റ്റഫോഡ്‌ഷെയറിലെ ആന്റണി മര്‍ച്ചന്‍ സെറിബ്രല്‍ പള്‍സി രോഗമുള്‍പ്പടെ നിരവധി ശാരീരിക വൈകല്യങ്ങളുള്ള ഒരു കുട്ടിയാണ്. ഈ ചെറുപ്രായത്തില്‍ വീല്‍ചെയറില്‍ തന്റെ ജീവിതം തള്ളിനീക്കുന്ന ആ ഏഴുവയസ്സുകാരന്റെ മിക്കവാറും കാര്യങ്ങളെല്ലാം നോക്കുന്നത് അവന്റെ സന്തതസഹചാരിയും ആന്റണിയെ പരിചരിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലനം നല്‍കിയതുമായ സ്റ്റീവ് എന്ന നായയാണ്.

എവിടെയായിരുന്നാലും ആന്റണിക്ക് അടിയന്തിരമായി വൈദ്യസഹായം വേണ്ടി വന്ന സന്ദര്‍ഭങ്ങളിലൊക്കെ പ്രത്യേക അലാം മുഴക്കിയും ഉച്ചത്തില്‍ കുരച്ചുകൊണ്ടുമൊക്കെ വീട്ടുകാരെയും ബന്ധുക്കളെയും സ്റ്റീവ് ആകര്‍ഷിക്കാറുണ്ട്. അമ്മമാത്രമുള്ള ആന്റണിയുടെ കാര്യങ്ങള്‍ സ്റ്റീവ് അതിന്റേതായ രീതിയില്‍ തന്നെയാണ് ചെയ്യുന്നതും.

വീല്‍ച്ചെയറിലാണെങ്കിലും വിദ്യാഭ്യാസം മുടക്കാന്‍ ആഗ്രഹിക്കാത്ത ആന്റണി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു പ്രശ്‌നം ഉദിച്ചത്. സ്റ്റീവിനെ മൃഗമെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്കൊപ്പം സ്‌കൂളില്‍ കയറ്റാന്‍ പറ്റില്ല എന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതോടെ ആന്റണിയുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയുമെത്തി. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ ആന്റണിയുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു.

ആന്റണിയുടെ അവസ്ഥയും സ്റ്റീവിന്റെ സ്‌നേഹവും കണ്ടറിഞ്ഞ കോടതിക്ക് പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സ്റ്റീവിന്റെ സാമീപ്യവും സേവനവും ആന്റണിയുടെ ശാരീരിക നില കണക്കാക്കുമ്പോള്‍ ആന്റണിക്ക് അത്യആവശ്യമാണെന്ന പ്രസ്ഥാവനയോടെ സ്റ്റീവിനെ ആന്റണിക്കൊപ്പം സ്‌കൂളില്‍ കയറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു.