രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

single-img
27 February 2015

arun-jetlyന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടു മുതല്‍ എട്ടര ശതമാനം വരെ നേടുമെന്ന് ധനമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.  നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനായെന്നും ഇന്ധന വിലയില്‍ വന്ന കുറവ് രാജ്യത്തെ സാമ്പത്തിക രംഗത്തിനു കരുത്തു പകര്‍ന്നെന്നും സര്‍വേ വിലയിരുത്തി. നടപ്പു സാമ്പത്തിക വര്‍ഷം 7.4 ശതതമാനമാണ് സാമ്പത്തിക വളര്‍ച്ച. നാളെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്.

കാര്‍ഷിക വളര്‍ച്ച കുറഞ്ഞു. 2014-15 വര്‍ഷം ഭക്ഷ്യധാന്യോല്‍പാദനത്തില്‍ വര്‍ധനവുണ്ടായി. ധനക്കമ്മി കുറയ്ക്കാന്‍ ചെലവുചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണം.  നാണ്യപ്പെരുപ്പം കുറയുന്നത് രാജ്യത്തിന്റെ സമ്പദ് രംഗം ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇരട്ട അക്കത്തിലേക്ക് കൊണ്ടുവരുന്നത് അസാധ്യമായ കാര്യമല്ലെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മണ്ണെണ്ണ സബ്‌സിഡി ലക്ഷ്യത്തില്‍നിന്നു മാറിപ്പോയെന്നും ധനികര്‍ക്കാണ് സബ്‌സിഡി ലഭിക്കുന്നതെന്നും സര്‍വേയില്‍ പരാമര്‍ശമുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക ഉണര്‍വിനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. രാജ്യ ധനസ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ വിലയിരുത്തുമെന്നും സൂചനയുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പാദനം കണക്കുകൂട്ടാനുള്ള പുതിയ മാര്‍ഗം സ്വീകരിച്ചശേഷമുള്ള ആദ്യത്തെ സാമ്പത്തിക സര്‍വേ കൂടിയാണിത്.