പറവൂര്‍ പീഡനക്കേസ്; പിതാവ് അടക്കം അഞ്ച് പ്രതികള്‍ക്ക് തടവുശിക്ഷ

single-img
27 February 2015

courtകൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പിതാവ് അടക്കം അഞ്ച് പ്രതികള്‍ക്ക് തടവുശിക്ഷ. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ (43), ജോസ് (58), ബെന്നി എബ്രഹാം (53), ബിന്ദു എന്ന മേരി ഡെയ്സി (33), മനോജ് ഗോപി (42) എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ ശിക്ഷിച്ചത്.

പെണ്‍കുട്ടിയുടെ മാതാവ് ചൗതിപ്പറമ്പില്‍ സുബൈദ, ഇടനിലക്കാരി ഖദീജ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വിചാരണ പൂര്‍ത്തിയായ രണ്ട് കേസുകളിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഒന്നാം പ്രതിയായ പിതാവ് സുധീറിനു രണ്ടു കേസുകളിലായി വിചാരണക്കോടതി 10 വര്‍ഷം കഠിനതടവു വിധിച്ചു.

ഇതുവരെ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ 10 കേസുകളിലായി ഒന്നാം പ്രതി സുധീറിന് 92 വര്‍ഷത്തെ കഠിനതടവാണ് അനുഭവിക്കേണ്ടത്. മേരി ഡെയ്സിക്ക് മൂന്ന് വകുപ്പുകളിലായി 15 വര്‍ഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. ഇവരും ശിക്ഷ ഒരുമിച്ച് ഒരു വകുപ്പിലെ ശിക്ഷയായ അഞ്ചുവര്‍ഷം തടവ് മാത്രം അനുഭവിച്ചാല്‍ മതി.

അതേസമയം, രണ്ട് കേസിലും പ്രതിപ്പട്ടികയിലുള്‍പ്പെട്ട ഇടനിലക്കാരനായ ജോസിന് 10 വര്‍ഷത്തെ തടവ് പ്രഖ്യാപിച്ച കോടതി 1,25,000 രൂപ പിഴ അടക്കാനും ഉത്തരവിട്ടു.  പെണ്‍കുട്ടിയെ പീഡിപ്പിച്ച ബെന്നി എബ്രഹാമിനെ 15 വര്‍ഷം തടവിനും 85,000 രൂപ പിഴക്കും മനോജ് ഗോപിയെ 12 വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴക്കും ശിക്ഷിച്ച കോടതി വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒരുമിച്ച് ഇരുവരും ഏഴുവര്‍ഷം വീതം അനുഭവിച്ചാല്‍ മതിയെന്നാണ് ഉത്തരവ്.

2009 ഏപ്രിലില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം 14 കാരിയെ പീഡിപ്പിച്ച പിതാവ് പിന്നീട് സാമ്പത്തിക നേട്ടത്തിന് മകളെ പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. 200ലേറെപ്പേര്‍ക്കാണ് മകളെ കാഴ്ചവെച്ചത്. 2011 മാര്‍ച്ചില്‍ അനാശാസ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത്തെിയ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.

പ്രതികള്‍ നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് പിതാവ് പണത്തിന് നിരവധിപേര്‍ക്ക് കാഴ്ചവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത് ഒരു സാമൂഹിക വിപത്താണെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ.മോഹന്‍ സി. മേനോന്‍, അയ്യൂബ് ഖാന്‍ എന്നിവരും വെറുതെ വിട്ട പ്രതിക്കുവേണ്ടി അഡ്വ.പി.എ. മുജീബും ഹാജരായി.