പ്രദീപ് ജെയിൻ വധക്കേസിൽ; അധോലോക നേതാവ് അബു സലിമിന് ജീവപര്യന്തം

single-img
25 February 2015

abu_salemമുംബൈ: പ്രദീപ് ജെയിനെ വധിച്ച കേസില്‍ അധോലോക നേതാവ് അബു സലിമിന് മുംബൈയിലെ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ അബു സലീമിന് വധശിക്ഷ നല്‍കണമെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം ആവശ്യപ്പെട്ടുവെങ്കിലും കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ പരിഗണിച്ചാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

1995 മാര്‍ച്ച് ഏഴിനാണ് മുംബൈയിലെ കെട്ടിട നിര്‍മ്മാതാവ് ജെയിനെ വസതിക്കടുത്തായി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്തിയത്. കേസില്‍ അബു സലീമിനെയും കൂട്ടാളികളായ മെഹ്ദി ഹസന്‍, വിരേന്ദ്ര ജമ്പ് എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയിരുന്നു.

1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലും പ്രതിയായ അബു സലിം പിന്നീട് രാജ്യം വിട്ടുവെങ്കിലും 2005ല്‍ പോര്‍ച്ചുഗലില്‍ വച്ച് പിടിയിലാവുകയായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സംഘത്തിലെ അംഗമായിരുന്നു അബു സലീം.