ആ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തു; യുഎന്‍ രക്ഷാകൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു

single-img
25 February 2015

United-Nations-logoഇന്ത്യയ്ക്ക് ഒബാമ നല്‍കിയ വാക്ക് ഒടുവില്‍ പാലിച്ചു. യുഎന്‍ രക്ഷാകൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു. യുഎന്‍ രക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗത്വം എന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തു. പാക്കിസ്ഥാന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യയെ അമേരിക്ക പിന്തുണച്ചത്.  രേഖയില്‍ ഒബാമ ഒപ്പിട്ട വിവരം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാസം നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തില്‍, രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നത് കശ്മീര്‍ പ്രശ്‌നപരിഹാരത്തെ ദോഷകരമായി ബാധിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു.

കശ്മീരിലെ ജനങ്ങള്‍ക്ക് ജനഹിത പരിശോധന അനുവദിക്കാതെ ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച പ്രശ്‌നപരിഹാരസാധ്യത ഇന്ത്യ തള്ളിക്കളഞ്ഞതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിനുള്ള അര്‍ഹത ഇല്ലെന്നുമാണ് പാകിസ്ഥാന്റെ വാദം.