കരിപ്പൂരില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതങ്ങളുടെ ദിനങ്ങള്‍; റണ്‍വേ അടയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല

single-img
25 February 2015

karippurകരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ ആറ് മാസത്തേക്ക് അടച്ചിടാന്‍ തീരുമാനം. ഇത്രയും കാലം റണ്‍വേ അടച്ചിടുന്നത് മലബാറിലെ വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. ഹജ്ജ് സീസണിലുള്‍പ്പെടെ വരുന്ന മെയ് മുതല്‍ ഭാഗികമായി റണ്‍വെ അടച്ചിടാനാണ് തീരുമാനം. റണ്‍വെ ബലപ്പെടുത്തുന്നത് മറ്റൊരു സമയത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് സൊസൈറ്റി രംഗത്തെത്തി.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെയ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ ഭാഗികമായി അടച്ചിടുന്നത്. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാനാവില്ല. മാത്രമല്ല ചെറിയ വിമാനങ്ങള്‍ മാത്രം ഈ കാലയളവില്‍ സര്‍വ്വീസ് നടത്തിയാല്‍ മതിയെന്ന് വിമാനക്കമ്പനികളെ വിമാനത്താവള അധികൃതര്‍ അറിയിക്കുകയും ചെയ്തു.

അതേസമയം പല കമ്പനികള്‍ക്കും ചെറിയ വിമാനങ്ങളില്ലാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. വിദ്യാലയങ്ങള്‍ അടയ്ക്കുന്ന തിരക്കേറിയ സമയത്താണ് ഈ അറ്റകുറ്റപ്പണി. കരിപ്പൂര്‍ കേന്ദ്രീകരിച്ചാണ് ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ സെപ്തംബറില്‍ നടക്കുന്ന ഹജ്ജ് യാത്രയെയും ഇത് ബാധിക്കും എന്നും ചൂണ്ടികാണിക്കപ്പെടുന്നു.