കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ചു; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

single-img
24 February 2015

parliament1-300x231ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രി ബ്രിജേന്ദര്‍ സിങ്ങ് ബില്‍ അവതരിപ്പിച്ചതും  കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം രംഗത്ത് വന്നു. സുപ്രധാന വിഷയങ്ങള്‍ ഓര്‍ഡിനന്‍സായി കൊണ്ട് വരുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പാര്‍ലമെന്‍റിനെ മറികടക്കാനാണ് ഓര്‍ഡിനന്‍സുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നിരവധി ഓര്‍ഡിനന്‍സുകളാണു കൊണ്ടുവന്നതെന്നും അതിനാല്‍ കോണ്‍ഗ്രസിന് ഇക്കാര്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു.

2013ല്‍ യു.പി.എ സര്‍ക്കാറാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയത്. 2014 ഡിസംബറില്‍ മോദി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതികള്‍ കൊണ്ടു വന്നിരുന്നു. മാര്‍ച്ച് 20 ന് ഓര്‍ഡിനന്‍സിന്‍െറ കാലാവധി അവസാനിക്കുന്നതിനാല്‍ ദേഭഗതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.

പദ്ധതികള്‍ക്കായി ഭൂമി ഏറ്റടെുക്കുന്നതിനു മുമ്പ് സാമൂഹിക ആഘാത പഠനം നടത്തുക, 80 ശതമാനം ഭൂവുടമകളുടെ സമ്മതം നേടുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് യു.പി.എ സര്‍ക്കാര്‍ നിയമം പാസാക്കിയത്. നഗരവികസനത്തിനും വ്യാവസായിക വളര്‍ച്ചക്കും തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്.