കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്; അണ്ണ ഹസാരെ ജന്തര്‍മന്ദറില്‍ ധര്‍ണ തുടങ്ങി

single-img
24 February 2015

medaന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ ജന്തര്‍മന്ദറില്‍ ധര്‍ണ തുടങ്ങി.  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാറിനെയും ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, തന്റെ സമരവേദിയില്‍ എഎപിക്കോ കോണ്‍ഗ്രസ്സിനോ സ്ഥാനമില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ സാധാരണക്കാര്‍ക്കൊപ്പം സദസ്സിലിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ കാര്‍ഷികരാജ്യമാണ്. കര്‍ഷകരുടെ സമ്മതമില്ലെങ്കില്‍ എങ്ങനെ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കര്‍ഷകരെക്കുറിച്ച് ചിന്തിക്കണമെന്നും ഹസാരെ പറഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധമാണ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്. കര്‍ഷകതാത്പര്യങ്ങള്‍ക്കു വിരുദ്ധമായി സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാവില്ല. ഈ സര്‍ക്കാര്‍. ഇന്ത്യയിലെ ജനങ്ങളുടേതാണ് അല്ലാതെ, അമേരിക്കക്കാരുടെതോ ഇംഗ്ലണ്ടുകാരുടേതോ അല്ല. ജനങ്ങളാണ് സര്‍ക്കാറുണ്ടാക്കിയതെന്ന് പ്രധാനമന്ത്രി ഓര്‍ക്കേണ്ടതുണ്ടെന്നും കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ദേശീയതലത്തില്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്തെ ഗ്രാമീണര്‍ക്ക് ഇങ്ങനെയൊരു നിയമഭേദഗതിയെക്കുറിച്ച് അറിവില്ല. ഓരോ സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതേക്കുറിച്ച് ബോധവത്കരണം നടത്തണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹികപ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സമരത്തില്‍ പങ്കാളികളായി.