വിഴിഞ്ഞം തുറമുഖ പദ്ധതി; ടെണ്ടര്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി

single-img
24 February 2015

vizhinjamതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ കമ്പനികളൊന്നും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി തുറമുഖവകുപ്പ് മന്ത്രി കെ. ബാബു അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമെങ്കില്‍ റീ ടെണ്ടര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.

ടെണ്ടറുകൾ സമർപ്പിക്കാൻ ഒരു കമ്പനിയും മുന്നോട്ട് വരാത്തത് സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. കമ്പനികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. വിഴിഞ്ഞം പദ്ധതി തനിച്ച് വിജയിപ്പിക്കാനാവുമെന്ന ധാരണ സർക്കാരിനില്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.  പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാത്രമാണ് കബോട്ടാഷ് നിയമത്തിലെ ഇളവ് പ്രസക്തമാവുക. കമ്പനികള്‍ ടെണ്ടറില്‍നിന്ന് പിന്മാറിയത് ഞെട്ടലുണ്ടാക്കിയെന്നും കെ.ബാബു പറഞ്ഞു.

ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഫെബ്രുവരി 20ന് എട്ടുലക്ഷം രൂപ ചെലവില്‍ ദര്‍ഘാസ് രേഖകള്‍ വാങ്ങിയ മൂന്ന് കമ്പനികളും ടെണ്ടറില്‍ നിന്നും പിന്‍മാറിയിരുന്നു. അദാനി പോര്‍ട്സ്, എസ്സാര്‍ പോര്‍ട്സ്, സ്രേ ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നീ കമ്പനികളാണ് പദ്ധതി ഏറ്റെടുക്കാന്‍ യോഗ്യത നേടിയിരുന്നത്.