കേരളത്തില്‍ അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാകുന്നു; അറബ് രാഷ്ട്രങ്ങളെ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രങ്ങളാക്കിയതില്‍ അറബി ഭാഷയ്ക്കുള്ള പങ്ക് വലുതെന്ന് വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്

single-img
21 February 2015

arabic

മധ്യേഷ്യന്‍ രാജ്യങ്ങളെ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നതില്‍ അറബി ഭാഷയ്ക്ക് പ്രധാന പങ്കുണ്ടെന്ന പ്രത്യേകത ഉയര്‍ത്തി, അറബ് രാഷ്ട്രങ്ങളുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്ന കേരളത്തിലും അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലക്കായുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വ്വകലാശാലക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

അറബ് രാജ്യങ്ങളുമായി ഇസ്ലാമിക് കാലഘട്ടത്തിന് മുന്‍പു തന്നെ ഇന്ത്യയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭാരതീയര്‍ സാംസ്‌കാരികവും സാമ്പത്തികവും വാണിജ്യപരവുമായ കൊടുക്കല്‍ വാങ്ങല്‍ അറബ് രാജ്യങ്ങളോട് വര്‍ഷങ്ങളായി നടത്തിയിരുന്നെന്നും വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തുടരാനും ശക്തിപ്പെടുത്താനും അറബിഭാഷയുടെ വ്യാപനം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

അറബിഭാഷയുടെ സ്വാധീനം മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന് മുന്‍പു തന്നെ കേരളത്തിലുണ്ടായിരുന്നുവെന്നും അറബി മലയാളം ലിപിയില്‍ എഴുതിയിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അറബിലിപിയിലായിരുന്നു കേരള ചരിത്രത്തെക്കുറിച്ചുള്ള ആദ്യ പുസ്തകമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി. അന്‍വര്‍ ചെയര്‍മാനും എക്‌സിക്യൂട്ടിവ് അംഗം സി.ഐ. അബ്ദുര്‍ റഹ്മാന്‍ കണ്‍വീനറുമായുള്ള സമിതിയാണ് കരട് ബില്ല് സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്.

ദല്‍ഹി ജെഎന്‍യു, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഇംഗ്ലീഷ് ഫോറിന്‍ ലാംഗ്വേജ് എന്നിവയുടെ മാതൃകയിലുള്ള സര്‍വ്വകലാശാല അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി തുടങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. വരുന്ന ബജറ്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കാനുള്ള ശ്രമവുമുണ്ടാകുമെന്നാണ് അറിയുന്നത്.