സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം.എ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

single-img
17 February 2015

abdulതൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റുമായ എം.എ.അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ (93) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 8.45 ന് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ വസതിയിലായിരുന്നു അന്ത്യം.  ബുധനാഴ്ച രാവിലെ 8ന് ഉടുമ്പുന്തലയില്‍ മയ്യത്ത് നമസ്‌കാരം നടത്തിയശേഷം കാസര്‍കോട് ദേളി ജാമിഅ സഅദിയ്യയില്‍ ഖബറടക്കും.

1924 ജൂലായ് ഒന്നിന് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ പൗരപ്രമുഖനായ കുറിയ അബ്ദുള്ളഹാജിയുടെയും നാലരപ്പാട് മരിയമ്മിന്റെയും മകനായി ജനിച്ചു.   ബീരിച്ചേരി ദര്‍സില്‍ പ്രമുഖ സൂഫി വര്യനായ ശാഹുല്‍ ഹമീദ് തങ്ങളുടെ ദര്‍സില്‍ മതപഠനം ആരംഭിച്ചു. മലയാളത്തിനുപുറമേ അറബി, ഉര്‍ദു ഭാഷകളില്‍ അവഗാഹം നേടിയിരുന്നു. മലയാള-അറബി ഭാഷകളിലായി 30-ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരഭാഗമായി പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പഠിക്കുന്ന കാലത്തുതന്നെ മൊട്ടമ്മല്‍ മഹല്ലില്‍ മുദരിസായി സേവനം തുടങ്ങി. വിദ്യാഭ്യാസ ബോര്‍ഡ്, എസ്.വൈ.എസ് എന്നിവയുടെ ആദ്യകാല നേതാവായിരുന്നു. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യ: ഖദീജ. മക്കള്‍: കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അബ്ദുള്‍ വഹാബ്, നഫീസ, ബീഫാത്തിമ, ജുവൈരിയ്യ. മരുമക്കള്‍: കുഞ്ഞാമിന, റഹ്മത്തുല്‍നിസ, എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, എന്‍.അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ്കുട്ടി മൗലവി. സഹോദരങ്ങള്‍: ആയിഷ, ആസ്യ, ഖദീജ. നഫീസത്ത്, അബ്ദുള്‍ഖാദര്‍, പരേതയായ ആസ്യുമ്മ.