പൂതിരുവാതിരയും പാല്‍പ്പായസവും; വിപ്ലവത്തെ മൂടുന്ന മത അടയാളങ്ങള്‍

single-img
16 February 2015

CPI

വിപ്ലവവീര്യത്തിന്റെ ശക്തി പ്രബുദ്ധകേരളത്തിന് കാലങ്ങള്‍ക്ക് മുമ്പ് വരെ അന്യമല്ലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലങ്ങള്‍ സഞ്ചരിച്ച് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചു നില്‍ക്കുമ്പോള്‍ ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂമിയായ കേരളത്തില്‍ മത-വര്‍ഗ്ഗീയ ശക്തികള്‍ക്കതീതമായി പാര്‍ട്ടിയെ വളര്‍ത്തിയെടുത്ത ഒരു പഴയ തലമുറയിലെ ജീവിച്ചിരിക്കുന്ന ചുരുക്കം ചില ജന്മങ്ങള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും. തൊഴിലാളി ചൂഷണങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ അവര്‍ കൂടി രക്തവും ജീവിതവും നല്‍കി വളര്‍ത്തിയ പാര്‍ട്ടി ഇന്ന് പൂത്തിരുവാതിരയും ക്ഷേത്ര പാല്‍പ്പായസവുമൊക്കെയായി സര്‍ക്കസിലെ കളമൊഴിഞ്ഞ കോമാളിയുടെ അവസ്ഥ തലയിലേറ്റി വര്‍ഗ്ഗീയശക്തികള്‍ക്ക് അടിവളമാകുന്ന പ്രക്രിയ കണ്ടുള്ള ആ പരിവേദനം ഒരുപക്ഷേ ഈ കമ്മ്യൂണിസ്റ്റ് ന്യൂജനറേഷന്‍ കാണണമെന്നില്ല.

കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന തീരുമാനങ്ങള്‍ പല പാര്‍ട്ടി സമ്മേളനങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരുപരിധിവരെ ആ തീരുമാനങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നത്തെ ലോകത്ത് ആറ്റംബോംബിനേക്കാള്‍ ശക്തിയില്‍ പ്രതികരിക്കുന്ന ‘വര്‍ഗ്ഗീയത’ എന്ന നശീകരണ സംവിധാനത്തിനെ എന്തു ചെയ്ത് പ്രതിരോധിച്ചാണ് പാര്‍ട്ടി കാലത്തിനൊപ്പം സഞ്ചരിക്കുക? വര്‍ഗ്ഗീയതയും മതവിശ്വാസവും ഒന്നല്ല, രണ്ടാണെന്ന് പറയുന്നവര്‍ മതവിശ്വാസം മുത്താല്‍ അത് വര്‍ഗ്ഗീയതയാകുമെന്ന് അറിയാത്തവരല്ല. അങ്ങനെയുള്ളവരെ എന്റെ മതം, എന്റെ ദൈവം എന്ന കാഴ്ചപ്പാടില്‍ നിന്നും നമ്മുടെ മതം, നമ്മുടെ ദൈവമെന്ന കാഴ്ചപ്പാടിലേക്കുള്ള മാറ്റമാണ് മാര്‍ക്‌സിസം എന്ന് പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യവുമില്ല. പക്ഷേ ആ ഒരു കാഴ്ചപ്പാടിനെ മതത്തിനതീതമാണ് മാര്‍ക്‌സിസം എന്നുള്ളതില്‍ നിന്നും എന്റെ മതത്തിനെ നീയും വിശ്വസിക്കണം എന്നനിലപാടിലേക്ക് മാറ്റിയെടുക്കാനാണ് മനഃപൂര്‍വ്വം അവര്‍ ശ്രമിക്കുന്നത്. ആ ഒരു ശ്രമത്തേയാണ് പേടിക്കേണ്ടതും.

ലോകത്ത് വേറൊരു സംഭവവും ഇക്കാലയളവില്‍ ഉണ്ടാകാത്തതിനാലാകാം, സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സെമിനാറിലെ വിഷയം ‘ഭഗവത്ഗീതയുടെ വിമോചന സാധ്യതകളാ’യിരുന്നു. ഈ സെമിനാര്‍ നയിച്ചത് ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലേക്ക് വന്ന ഒ.കെ. വാസുവും. സത്യത്തില്‍ സി.പി.എമ്മിനും ഈ ഭഗവദ്ഗീതയ്ക്കും തമ്മിലുള്ള ബന്ധമെന്താണ്? മതവും, മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നു പറഞ്ഞ മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തേക്കാള്‍ കൂടുതലെന്തെങ്കിലും അതിനുണ്ടോ? കാണില്ല എന്നായിരിക്കും സ്വാഭാവിക ഉത്തരമെങ്കിലും അത് കണ്ടെത്താനുള്ള വഴി തെളിക്കുകയാണ് ഇന്നത്തെ നേതൃത്വം.

പ്രസ്തുത സമ്മേളനത്തില്‍ തന്നെ മറ്റൊരു സെമിനാറുമുണ്ടായിരുന്നു- മാര്‍ക്‌സിസത്തിന്റെ ഇസ്ലാം വായന. മുസ്ലീംലീഗ് എന്ന പാര്‍ട്ടി മുസ്ലീങ്ങളുടെ മാത്രം പാര്‍ട്ടിയാണെന്നും അതല്ലെങ്കില്‍ അവരുടെ പേരിനൊപ്പമുള്ള മുസ്ലീം എന്ന വാക്ക് കളയണമെന്നും പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയാണോ ഈ മതാനുകൂല വിപ്ലവം കാണിക്കുന്നത്? ഓഗസറ്റ് 15 നും മറ്റും മതേതര സംഗമങ്ങള്‍ നടത്തുന്ന സി.പി.എം.തന്നെയാണോ ഇത്? ചില ചോദ്യങ്ങള്‍ക്ക് മൗനമാണ് ഏറ്റവും നല്ല ഉത്തരം.

megathiruvathita

സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാതയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മങ്കമാര്‍ ആലപ്പുഴയില്‍ തിരുവാതിര കളിച്ചപ്പോള്‍ ചരിത്രമറിയുന്ന ആരും ഈ പാര്‍ട്ടി തലമുറയിലില്ലേ എന്ന സംശയം തോന്നും. തിരുവാതിരക്കളിയോട് പാര്‍ട്ടിക്ക് എന്നാണ് ഇത്ര പ്രതിപത്തി വന്നതെന്ന് ചോദിച്ചാല്‍ സംഘാടകര്‍ക്ക് പോലും ഉത്തരം കാണില്ല. പുരുഷന്‍മാരുടെ കാഴ്ചയ്ക്കു വേണ്ടി വീട്ടിലെ സ്ത്രീകളെ കൊണ്ട് ചെയ്യിപ്പിക്കുന്ന നൃത്തമാണ് തിരുവാതിരയെന്ന് കുറച്ചുകാലം മുമ്പുയര്‍ന്ന ഇടുത് സാംസ്‌കാരിക വിമര്‍ശനം ഇവിടെ മണ്ണിട്ട് മൂടി കേരവൃക്ഷവും നട്ടു. മാറുന്ന തലമുറയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് വിളമ്പുന്നത് വെറും പാല്‍പ്പായസമല്ല. അമ്പലപ്പുഴ അമ്പലത്തിലെ പാല്‍പ്പായസമാണ്. അവിടെയും പാര്‍ട്ടിയുടെ നയം പകല്‍പോലെ വ്യക്തമാണ്. പണ്ട് ഉയര്‍ന്ന ജാതിക്കാര്‍ കീഴ്ജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്ന അമ്പലപ്പുഴപ്പായസം ഒരു സൂചനയാണെന്നാണ് സമ്മേളനത്തിന്റെ പ്രമുഖ സംഘാടകനായ സ: ജി സുധാകരന്‍ പറഞ്ഞത്. ഉയര്‍ന്നവരുടെ മാത്രം കുത്തകയല്ല അത്, പാവങ്ങള്‍ക്കും കഴിക്കണം. എല്ലാവര്‍ക്കും വേണം ഈ അമ്പലപ്പുഴ പാല്‍പായസം എന്ന കാര്യം ശരിയാണ്. ആവശ്യവുമാണ്. പക്ഷേ അങ്ങനെയാണെങ്കില്‍ വിശ്വാസികയാണെങ്കില്‍ കൂടി അന്യമതക്കാരെ അകത്തുകയറ്റാത്ത എത്രയോ ക്ഷേത്രങ്ങളുണ്ട് ഈ കേരളത്തില്‍. അക്കാര്യത്തില്‍ വിപ്ലവകരമായ ഒരു തീരുമാനമെടുക്കാനുള്ള ശക്തിയുണ്ടോ ഈ വിപ്ലവപാര്‍ട്ടിക്ക്? ഇല്ല, അല്ലെങ്കില്‍ അതിനെപ്പറ്റി സംസാരിക്കേണ്ട സമയമായില്ല എന്നൊക്കെയാണ് ഉത്തരമെങ്കില്‍ ആ ഉത്തരം തന്നെയാണ് മാര്‍ക്‌സിസത്തില്‍ നിന്നും മതവിശ്വാസത്തിലേക്ക് ഇപ്പോള്‍ പാര്‍ട്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദൂരമെന്ന് ആദ്യം തിരിച്ചറിയുക.

മത അടയാളങ്ങളെയും ആഘോഷങ്ങളെയും ഇങ്ങനെ ഉയര്‍ത്തിക്കാണിച്ചതുകൊണ്ട് പാര്‍ട്ടി മുന്നേറുമെന്നുള്ള ധാരണയാണ് നേതാക്കളെ ഭരിക്കുന്നതെങ്കില്‍ ആദ്യം ആ ചിന്തയാണ് മാറ്റേണ്ടത്. മാര്‍ക്‌സിസത്തോടുള്ള വിശ്വാസം നഷ്ടപ്പെടുന്നവരാണ് ബി.ജെ.പി തുടങ്ങിയ മതാധിഷ്ഠിത പാര്‍ട്ടികളിലേക്ക് പോകുന്നതെന്നു മനസ്സിലാക്കാന്‍ കവടിയൊന്നും നിരത്തിനോക്കേണ്ട. മൂല്യച്ച്യുതിയിലേക്ക് നടന്നടുക്കുന്ന ഒരു സമൂഹത്തിനെ പിടിച്ചുകയറ്റിവരായിരുന്നു മാര്‍ക്‌സിസ്റ്റുകാര്‍. ആ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഇന്ന് വംശനാശം സംഭവിച്ചുവെങ്കില്‍ അതിനുത്തരവാദി അവര്‍ തന്നെയാണ്. കേരളം ഒരുകാലത്തും കണ്ടിട്ടില്ലാത്ത രീതിയില്‍ അഴിമതികൊണ്ടു മൂടിയ ഒരു സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷ സ്ഥാനത്തിരുന്ന് ഒന്നും ചെയ്യാനാകാതെ ‘ഞങ്ങളെന്ത് ചെയ്യാനാ…’ എന്ന രീതിയില്‍ വെളുക്കെചിരിച്ചു കാട്ടുന്ന മുഖങ്ങള്‍ വിപ്ലവം വരുന്നവഴിയല്ലെന്ന് പലരും തിരിച്ചറിഞ്ഞു തുടങ്ങി. വിപ്ലവം വരണമെങ്കില്‍ അതില്‍ മത വിശ്വാസത്തിന്റെ പൊടിയുംപൊട്ടുമുണ്ടാകണമെന്ന ചിന്ത മാറ്റിയില്ലെങ്കില്‍ മാര്‍ക്‌സിസത്തെ ജനങ്ങള്‍ നാസിസത്തേക്കാള്‍ വലിയ ‘ഇസ’ത്തിലേക്ക് എടുത്തെറിയുമെന്നുള്ള കാര്യവും തീര്‍ച്ചയാണ്. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ബംഗാളിനെപ്പോലെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന കാര്യവും ഇതിനൊപ്പം ഓര്‍ക്കണം.