ആദിവാസി ഊരുകളില്‍ സൗജന്യമായി ഭക്ഷണവും മരുന്നും വസ്ത്രവുമെത്തിച്ച് നിര്‍ദ്ധനര്‍ക്കും നിരാംലബര്‍ക്കും വേണ്ടി ജീവിച്ച യുവ ഡോക്ടര്‍ ഷാനവാസ് അന്തരിച്ചു

single-img
14 February 2015

Shanavasആദിവാസി ഊരുകളില്‍ സൗജന്യമായി മരുന്നും ഭക്ഷണവും വസ്ത്രവുമെത്തിച്ച് നിര്‍ദ്ധനര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ജീവിച്ച യുവഡോക്ടര്‍ നിലമ്പൂര്‍ വടപുറം സ്വദേശി പി സി ഷാനവാസ്(36) അന്തരിച്ചു. ഇന്നലെ രാത്രി കാര്‍ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷാനവാസിന്റെ അന്ത്യം. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ രാവിലെ പത്ത് മണിയോടെ കോഴിക്കോട്് യാത്ര പോയ ഷാനവാസിന് തിരികേ വീട്ടിലേക്ക് വരുമ്പോഴാണ് മരണം പിടികൂടിയത്. മരുന്ന് മാഫിയകള്‍ക്കും അധികാര വര്‍ഗ്ഗത്തിനുമെതിരെ പോരാടിയ ഡോ. ഷാനവാസ് സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു.

‘ഹേ അധികാരികളെ,നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും. ആദിത്യന്‍ പിന്‍വാങ്ങുന്നു’. ഒരര്‍ത്ഥത്തില്‍ ഫെബ്രുവരി 12ന് ഫേസ്ബുക്കില്‍ ഡോ. ഷാനവാസ് കുറിച്ചത് യഥാര്‍ത്ഥ്യമാകുകയായിരുന്നു.

ചുങ്കത്തറ ഗവ. ആശുപത്രിയില്‍ ജോലിചെയ്തിരുന്ന സമയത്ത് സ്വന്തം ചെലവില്‍ ആദിവാസി ഊരുകളില്‍ സൗജന്യമായി മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമെത്തിച്ചാണ് തന്റെ മനുഷ്യത്വപരമായ സമീപനം ഡോ. ഷാനവാസ് വെളിപ്പെടുത്തിയത്. ഇതോടെ ഗവ. ആശുപത്രിയില്‍ രോഗികളെത്തുകയും മറ്റ് സ്വകാര്യ ആശുപത്രികള്‍ക്ക് അത് തിരിച്ചടിയാകുകയും ചെയ്തു. അതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിക്കാര്‍ കൊടുത്ത കള്ളകേസില്‍ ഈ അടുത്ത കാലത്ത് അദ്ദേഹം വിജയിക്കുകയും ചെയ്തു.

ഇതിനിടയിലാണ് അധികാരവര്‍ഗ്ഗം നിലമ്പൂരില്‍ നിന്നും അകാരണമായി ഷാനവാസിനെ സ്ഥലം മാറ്റിയത്. അതിനെതിരെ സോഷ്യല്‍ മീഡിയ വഴി ഒപ്പു ശേഖരണം നടത്താന്‍ പദ്ധതിയിടുന്നതിനിടയിലായിരുന്നു അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോയത്.