എരുമേലി പഞ്ചായത്ത് ഓഫീസില്‍ ജനന സര്‍ട്ടിഫിക്കറ്റിനു വേണ്ടിചെന്ന യുവാവിന് നല്‍കിയതു മരണസര്‍ട്ടിഫിക്കറ്റ്

single-img
11 February 2015

ktm-erumelyപാസ്‌പോര്‍ട്ട് എടുക്കുന്നതു സംബന്ധിച്ച് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ യുവാവിന് എരുമേലി പഞ്ചായത്ത് അധികൃതര്‍ നല്‍കിയത് മരണ സര്‍ട്ടിഫിക്കറ്റ്. സംഭവമറിഞ്ഞ സെക്രട്ടറി തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജീവനക്കാരിയെ ശാസിക്കുകയും ഇനി മേലില്‍ ഇത്തരം അബദ്ധം ആവര്‍ത്തിക്കരുതെന്നു താക്കീത് നല്‍കുകയും ചെയ്തു.

ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് വായിക്കുവാനുള്ള അവസരം ലഭിച്ച നിര്‍ഭാഗ്യവാന്‍ എരുമേലി നെടുങ്കാവ് വയല്‍ സ്വദേശി വിഷ്്ണുവാണ്. സര്‍ട്ടിഫിക്കറ്റ് വായിച്ച് വിഷ്ണു അന്ധാളിച്ചു നില്‍ക്കുമ്പോഴും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന മട്ടിലായിരുന്നു ജീവനക്കാരി. കഴിഞ്ഞമാസം 30നാണ് വിഷ്ണു ജനന സര്‍ട്ടിഫിക്കറ്റിനായി രേഖകള്‍ ഹാജരാക്കി വിഷ്ണു അപേക്ഷ നല്‍കിയത്.

എന്നാല്‍ ഒരാഴ്ചയ്ക്കകം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കാലങ്ങളായി നീണ്ടപ്പോള്‍ ജനന മരണ രജിസ്‌ട്രേഷന്‍ സെക്ഷന്‍ ക്ലര്‍ക്കിന്റെയടുക്കല്‍ പരാതിപ്പെട്ടിരുന്നു. പരാതികള്‍ക്കൊടുവില്‍ ഒടുവില്‍ ഇന്നലെ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴാണ് ജനനം മരണമായി മാറിയത്. അപേക്ഷകനായ യുവാവ് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് കാണിച്ചപ്പോള്‍ വീണ്ടും പുതിയ 50 രൂപ മുദ്രപ്പത്രം വാങ്ങി വരാന്‍ ജീവനക്കാരി പറയുകയും പുതിയ മുദ്രപ്പത്രം വാങ്ങി നല്‍കിയപ്പോള്‍ പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ജീവനക്കാരി നല്‍കുകയുമായിരുന്നു.