ജഡേജ വഖാറിനെ നാണം കെടുത്തിയ 48മത്തെ ഓവറും സൊഹൈലിനെ ഇല്ലാതാക്കിയ പ്രസാദിന്റെ ആ പന്തും; 1996 മാര്‍ച്ച് 9ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ അഭിമാന വിജയം

single-img
4 February 2015

4202215P CRICKET WORLD CUP

1996 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഡേ-നൈറ്റ് മത്സരം ഒരിക്കലും ഒരിന്ത്യന്‍ ക്രിക്കറ്റ് പ്രേമിയുടെ മനസ്സില്‍ നിന്നും മായാന്‍ തരമില്ല. ആ ലോകകപ്പ് സെമിയില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റ് പുറത്തായെങ്കിലും ഫൈനലിന് മുന്നിലുള്ള ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമായ ആ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ച് അന്ന് ആരാധകരുടെ മനസ്സ് ഇന്ത്യന്‍ ടീം കീഴടക്കിയിരുന്നു.

രണ്ട് താരങ്ങളായിരുന്നു അന്ന് നടന്ന പാകിസ്ഥാന്‍ വധത്തിന് ചുക്കാന്‍ പിടിച്ചത്. പകുതി മലയാളിയായ അജയ് ജഡേജയും കേരളത്തിന്റെ അയല്‍ക്കാരനായ വെങ്കിടേഷ് പ്രസാദും. കൈവിട്ടുപോകുമായിരുന്ന മത്സരത്തെ ഇന്ത്യയുടെ വരുതിയിലാക്കാന്‍ നിര്‍ണ്ണായക നിമിഷങ്ങളില്‍ അവര്‍ അവതരിച്ചു. അവരുടെ ചിറകിലേറി ഇന്ത്യ കുതിച്ചപ്പോള്‍ അനിവാര്യവും അഭിമാനവുമായ ജയം ഇന്ത്യയെ തേടിവന്നു.

1996 മാര്‍ച്ച് 9 ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം നില്‍ക്കുമ്പോള്‍ ഇന്ത്യ ഭയന്നത് പാകിസ്ഥാന്റെ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരെയാണ്. ഏതുകളിയും ചിലനിമിഷങ്ങള്‍കൊണ്ട് തങ്ങളുടെ വരുതിയിലാക്കാന്‍ കഴിവുള്ള വസീം അക്രവും വഖാര്‍ യൂനീസും നയിക്കുന്ന ബൗളിംഗ് നിരയെ അന്ന് ഏതൊരു ടീമും ഭയക്കും. തലേദിവസം അതായത് മാര്‍ച്ച് 8ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അക്രം പറയുകയും ചെയ്തു, ‘നാളെ ഇന്ത്യയുമായുള്ള കളി ഞങ്ങള്‍ക്ക് ഒരു പരിശീലന മത്സരം മാത്രമാണെന്ന്.’ പക്ഷേ നിര്‍ഭാഗ്യവശാല്‍ തല്‍ലേദിവസത്തെ പരിശീലനത്തിനിടയില്‍ പിടികൂടിയ പരിക്കുമൂലം ക്യാപറ്റന്‍ അക്രത്തിന് ഗ്യാലറിയിലിരുന്ന് കളികാണാനായിരുന്നു യോഗം.

ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത് ബാറ്റിംഗ് ആരംഭിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും നവജ്യോത് സിംഗ് സിദ്ധുവുമായിരുന്നു ഓപ്പണര്‍മാര്‍. തുടക്കം പതുക്കെയായിരുന്നെങ്കിലും പതിവിന് വിരുദ്ധമായി സിദ്ധുവായിരുന്നു റണ്‍സ് സ്‌കോര്‍ ചെയ്തത്. ടീം സ്‌കോര്‍ 90 റണ്‍സിലെത്തിയപ്പോള്‍ സച്ചിന്‍ റഹ്മാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ വന്ന മഞ്ചരേക്കര്‍ക്കും അധികം പിടിച്ചു നില്‍ക്കാനായില്ല. 20 റണ്‍സെടുത്ത മഞ്ചേരേക്കറെ അമീര്‍ സൊഹൈലിന്റെ ബാളില്‍ മിയാന്‍ദാദ് പിടിച്ച് പുറത്താക്കി.

ചെറിയ റണ്‍സുകള്‍ സ്‌കോര്‍ ചെയ്യുന്നതിനിടയില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ തുടരെ വീണുകൊണ്ടേയിരുന്നു. എത്രയൊക്കെയായാലും ഇന്ത്യന്‍ സ്‌കോര്‍ 250 നുള്ളില്‍ ഒതുങ്ങുമെന്നു കരുതിയ നിമിഷത്തിലാണ് ആറാമതായി അജയ് ജഡേജ ക്രീസില്‍ എത്തുന്നത്. സെമിഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യയെ ഇന്ത്യയില്‍ വെച്ചുതന്നെ തോല്‍പ്പിക്കാമെന്ന ആഗ്രഹവുമായെത്തിയ പാകിസ്ഥാന്‍ കണ്ടത് അവസാന ഓവറുകളില്‍ ജഡേജ നടത്തിയ വെടിക്കെട്ട് മാമാങ്കമാണ്.

Ajay

ലോകോത്തര ഫാസ്റ്റ് ബൗളര്‍ എന്ന വിശേഷണവുമായി ഇന്ത്യ്യെ ചുരുട്ടിക്കൂട്ടാനെത്തിയ വഖാര്‍ യൂനീസാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയായത്. വാഖാറിന്റെ 48 മത്തെ ഓവറില്‍ ജഡേജ അടിച്ചുകൂട്ടിയത് 22 റണ്‍സാണ്. അതില്‍ മൂന്നും ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. ആ ഓവറിലെ അവസാന യോര്‍ക്കര്‍ ലോങ്ങ് ലെഗിലേക്ക് സിക്‌സ് പായിച്ച് ലോകോത്തര ബൗളറിനെ വെറും നിഴല്‍ മാത്രമാക്കിക്കളഞ്ഞു ജഡേജ. ജഡേജയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് ഈ ഇന്നിംഗ്‌സിനെ വിലയിരുത്തപ്പെടുന്നത്.

എട്ടിന് 287 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ മറുപടിയും അതേ നാണയത്തിലായിരുന്നു. ഓപ്പണര്‍മാരായ അമീര്‍ സൊഹൈലും സയ്യിദ് അന്‍വറും അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബൗളിംഗിനെ മര്‍ദ്ദിച്ച് അവശരാക്കി റണ്‍സ് കണ്ടെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പാക് സ്‌കോര്‍ 10 ഓവറില്‍ 84ല്‍ എത്തിച്ചു. ചിന്നസ്വാമി സ്‌റ്റേഡിയം മൂകമായി. പാകിസ്ഥാന്‍ അനായാസം ജയിക്കുമെന്ന് കാണികള്‍ക്കും തോന്നിത്തുടങ്ങി.

Ameer

പാക് സ്‌കോര്‍ 84 ല്‍ എത്തിയപ്പോള്‍ സയ്യിദ് അന്‍വര്‍ പുറത്തായെങ്കിലും സൊഹൈല്‍ ആക്രമണം തുടര്‍ന്നു. സൊഹൈല്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടശേഷമുള്ള വെങ്കിടേഷ് പ്രസാദിന്റെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെങ്കിടേഷ് പ്രസാദിന്റെ പന്ത് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച സൊഹൈല്‍ പ്രസാദിന് നേരെ ബാറ്റ് ചുണ്ടി ആ പന്തിന്റെ കൂടെ പോകുവാന്‍ ആംഗ്യം കാട്ടി. ഒരു ബൗളര്‍ക്ക് തെറ്റു പറ്റിയാല്‍ അടുത്ത പന്തില്‍ തിരിച്ചെത്താം. പക്ഷേ ബാറ്റ്‌സ്മാന് അതിനുകഴിയില്ലെന്ന ലളിതമായ തത്വം സൊഹൈല്‍ അവിടെ മറന്നുവെന്ന് തോന്നുന്നു.

Sohail 1

പ്രകോപനം മനസ്സിലൊതുക്കി ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്‌റ്റേഡിയം നിറഞ്ഞകവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി പ്രസാദ് തന്റെ അടുത്തബോള്‍ എറിഞ്ഞു. അമീര്‍ സൊഹൈലിന്റെ ഓഫ് സ്റ്റംപ് പിഴുതെടുത്തുകൊണ്ട് ആ പന്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു. തലയും കുനിച്ച് ക്രീസുവിട്ട സൊഹൈലിന്റെ മുന്നില്‍ ചെന്ന് പ്രസാദ് കൈചൂണ്ടി ഡ്രസിങ്ങ് റൂമിലേക്കുള്ള വഴിയും കാട്ടിക്കൊടുത്തു. ഗ്യാലറി ആ സമയം ഇളകി മറിയുകയായിരുന്നു.

പിന്നെല്ലാം ചരിത്രം. 49 ഓവറില്‍ 9 വിക്കറ്റിന് 248 റണ്‍സില്‍ പാക് ഇന്നിങ്‌സ് അവസാനിച്ചു. ജാവേദ് മിയാന്‍ദാദ് എന്ന ഇതിഹാസ ബാറ്റ്‌സ്മാന്റെ അവസാന ഏകദിനം അങ്ങനെ പാകിസ്ഥാന് അങ്ങനെ മറക്കാനാഗ്രഹിക്കുന്ന കളികളില്‍ ഒന്നായി മാറി.