ലാലിസത്തിനെതിരെ വീണ്ടും വിമര്‍ശനം, തിരുവഞ്ചൂരിന് കിട്ടിയ ഗുണമെന്താണെന്ന് വ്യക്തമാക്കണമെന്നും വിനയന്‍

single-img
1 February 2015

DSC_0299ലാലിസത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച മോഹന്‍ലാലിന്റെ ലാലിസത്തിന്റെ നിലവാരം സംബന്ധിച്ച് വ്യാപകമായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്.

 

 

ഈ അരങ്ങേറ്റ പരിപാടിക്ക് സര്‍ക്കാര്‍ രണ്ട് കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും ദേശീയ ശ്രദ്ധ നേടുന്ന ഇങ്ങനൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ കൊടുത്തതു വഴി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ലാലിസത്തെ വിമര്‍ശിച്ച് വിനയന്‍ രംഗത്തെത്തിയിരുന്നു.

 

 

ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഈ ഒരൊറ്റ പ്രോഗ്രാമിലുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനെ എങ്ങനെ നേരിടാന്‍ കഴിയുമെന്നും വിനയന്‍ തിരുവഞ്ചൂരിനോട് ചോദിക്കുന്നു. ഒരു പരിപാടി അതിന്റെ അരങ്ങേറ്റ വേദിയില്‍ മോശമായിപ്പോയി എന്നതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടോ അധിക്ഷേച്ചിട്ടോ കാര്യമില്ലെന്നും വിനയന്‍ പറയുന്നു.

 

വിമര്‍ശിക്കുന്നവര്‍ക്കെതിരെ വാളെടുക്കുന്ന മോഹന്‍ലാല്‍ ഫാന്‍സിന്റെ ചെയ്തികളെയും വിനയന്‍ വിമര്‍ശിക്കുന്നു. ആരെങ്കിലും എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചുപോയാല്‍ അവരെ അമ്മയും പെങ്ങന്‍മാരും ഉള്ളവര്‍ പറയാത്ത പച്ചത്തെറി വിളിച്ച് ആക്ഷേപിക്കുന്ന ചില ഫാന്‍സ് സുഹൃത്തുക്കളെ ഇനിയെങ്കിലും നിയന്ത്രിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ലെങ്കില്‍ അതു സാംസ്‌കാരിക കേരളത്തോട് ചെയ്യുന്ന നന്ദികേടാണെന്നും വിനയന്‍ പറയുന്നു.