സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കിംഗ്‌ ബീഡി മാനേജിങ് ഡയറക്ടർ പോലീസ്‌ പിടിയിൽ

single-img
30 January 2015

kingതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ പ്രമുഖ വ്യവസായി വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് ഗേറ്റ്‌ തുറക്കാന്‍ വൈകിയതിന് കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. കിംഗ്‌ ബീഡി മാനേജിങ് ഡയറക്ടറായ മുഹമ്മദ്‌ നിസാമിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തി കാപ്പാ വകുപ്പ്‌ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തലയ്‌ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ചന്ദ്രബോസ് അതീവ ഗുരുതരനിലയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൂടാതെ പരുക്കേറ്റ സെക്യൂരിറ്റി ഓഫീസര്‍ അയ്യന്തോള്‍ സ്വദേശി അരുണി (31) നെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലോളം വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ടായ ചന്ദ്രബോസിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ 2.45നാണ് സംഭവം. ഗേറ്റിനടുത്ത് വാഹനം തടഞ്ഞതിലും ഗേറ്റ് തുറക്കാന്‍ വൈകിയതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു. മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ്‌ ചന്ദ്രബോസിനെ രക്ഷിച്ചത്‌. ഇവരോടും നിസാം തട്ടിക്കയറി. കലിയടങ്ങാതെ സെക്യൂരിറ്റി റൂമിന്റെ വാതിലും ജനലുകളും തല്ലിത്തകര്‍ത്തു.

hummerസംഭവമറിഞ്ഞെത്തിയ പേരാമംഗലം പോലീസും ഹൈവേ പോലീസും ജീവനക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ അപായപ്പെടുത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മധ്യമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.അമിതമായി മദ്യപിച്ച നിലയിലായിരുന്നു മുഹമ്മദ്‌ നിസാമെന്നു ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കി.

10942752_10153491608129989_2754915274101018380_nമുഹമ്മദ്‌ നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ നിര്‍ദേശിച്ചെന്നും ഇയാള്‍ക്കെതിരേയുള്ള മുന്‍ കേസുകള്‍ കൂടി പരിശോധിച്ച്‌ ഗുണ്ടാ നിയമം ചുമത്തുമെന്നും എ.ഡി.ജി.പി. പറഞ്ഞു. മുമ്പ് പത്തു വയസ്സുള്ള മകനെക്കൊണ്ട് കാറോടിപ്പിച്ച് പടം യു ട്യൂബിലിട്ടും വനിതാ പൊലീസ് എസ്.ഐയെ കാറില്‍ പൂട്ടിയിട്ടും കേസില്‍ കുടുങ്ങിയയാളാണ് മുഹമ്മദ് നിസാം.