മാണിക്കുള്ള ആര്‍ത്തി നിവാരണ ഫണ്ട്, ഡിവൈഎഫ്‌ഐ വക പാലായില്‍ പോസ്റ്റ്‌പെട്ടി സ്ഥാപിക്കും

single-img
29 January 2015
screen-14.09.34[29.01.2015]കോട്ടയം:ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പാലായില്‍ മാണി ആര്‍ത്തിനിവാരണ ഫണ്ടിലേക്കുള്ള മണിയോര്‍ഡര്‍ഇടുന്നതിനായി പോസ്റ്റുപെട്ടി സ്ഥാപിക്കുന്നു. മാണിക്കെതിരെയുളളപ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതീകാത്മകമായി സ്ഥാപിക്കുന്ന പോസ്റ്റുപെട്ടി ഇന്നു വൈകിട്ട് മാണിയുടെ വീട്ടിലേക്കു തിരിയുന്ന കൊട്ടാരമറ്റം ജംഗ്ഷനില്‍ സ്ഥാപിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജില്ലയിലുടനീളം മാണി ആര്‍ത്തിനിവാരണ ഫണ്ടു ശേഖരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാലാ ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭിക്ഷാടന യാത്രയും നടത്തിയിരുന്നു. ഇതിന് ലഭിച്ച പ്രതികരണമാണ് എല്‍.ഡി.എഫിനെ ഇത്തരത്തിലൊരു നീക്കത്തിന് ചിന്തിപ്പിച്ചത്.
പാലായില്‍ തുടക്കമിട്ട ആര്‍ത്തിനിവാരണ ഫണ്ടു ശേഖരണം പിന്നീട് കേരളമൊട്ടാകെ വ്യാപിക്കുന്നതാണ് കണ്ടത്. ഇതാണ് ഡിവൈഎഫ്‌ഐ യെ പോസ്റ്റുപെട്ടി സ്ഥാപിക്കുന്ന സമരത്തിലേക്ക് തിരിച്ചത്. കേരളത്തിന്റെ നാനാ ഭാഗത്തു നിന്നു മണിയോര്‍ഡറുകള്‍ എത്തി തുടങ്ങിയതോടെ പാലായിലെ പോസ്റ്റ് ഓഫീസിലും നല്ല തിരക്കായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കെ.എം.മാണി തനിക്കു ലഭിച്ച പണം കാരുണ്യ ഫണ്ടിലേക്ക് വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഈ വാക്യം പോസ്റ്റിട്ട് സോഷ്യല്‍ മീഡിയയില്‍ കൂടി ഡിവൈഎഫ്‌ഐക്കിട്ട് തിരിച്ചടി നല്‍കിയെങ്കിലും ഡിവൈഎഫ്‌ഐ യുടെ ഫണ്ടു ശേഖരണ സമരത്തിനു ജനപിന്തുണ ഏറിയിരിക്കുകയാണ്. തുടര്‍സമരത്തിന്റെ ഭാഗമായി ഫെബ്രുവരി ആറിന് കോട്ടയത് യുവജനജാഗ്രത എന്ന പേരില്‍ നൈറ്റ് അസംബ്ലിയും സംഘടിപ്പിക്കുന്നുണ്ട്.വൈകുന്നേരം ആറിനു തുടങ്ങുന്ന സമരം പിറ്റേദിവസം ആറിനാണ് സമാപിക്കുന്നത്