രാജ്യം 66 ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു; ഒബാമ മുഖ്യാതിഥി

single-img
26 January 2015
RP1ദില്ലി: രാജ്യം ഇന്ന് 66 ാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്നു. രാജ് പഥില്‍ നടക്കുന്ന ആഘോഷചടങ്ങുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായിയിരിക്കും. ഇന്ത്യയിലെ റിപ്പബ്ലിക് പരേഡില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്. രാവിലെ 10 മണിക്ക് റിപ്പബ്ലിക് ദിന ആഘോഷത്തിന് സാക്ഷിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രാജ്പഥിലെത്തും. റിപ്പബ്ലിക് ദിനം ആഘോഷം നടക്കുന്നതിനാല്‍ ഡല്‍ഹിയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന സൈനികാഭ്യാസങ്ങളാണ് ഇന്ത്യന്‍ വായുസേന പരേഡില്‍ അവതരിപ്പിക്കുക. ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈലും ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാറും പരേഡില്‍ അണിനിരക്കും. സ്ത്രീ ശക്തി എന്ന പ്രമേയത്തിലൂന്നി നടക്കുന്ന വനിതകളുടെ സൈനിക പരേഡ് ശ്രദ്ധേയമാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസമാകും പരേഡിന്റെ മറ്റൊരു പ്രധാന സവിശേഷത. ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി  81 ഉം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതും പരേഡിലാകും. ചരിത്രത്തിലാദ്യമായി എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേകസംഘം രൂപീകരിച്ച് മാര്‍ച്ച് പാസ്റ്റ് നടത്തുന്നതും ഈ വര്‍ഷമാണ്. നാരീശക്തി എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ച്ച് പാസ്റ്റില്‍ നാവികസേനയുടെ അംഗങ്ങളെ നയിക്കുക മലയാളിയായ പ്രിയ ജയകുമാറാണ്.
16 സംസ്ഥാനങ്ങളുടെ ഫ്‌ലോട്ടുകളും ഒമ്പത് മന്ത്രാലയങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിലുണ്ടാകും. കേരളത്തിന്റെ ഫ്‌ലോട്ട് ഇത്തവണ പരേഡിന് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ദില്ലിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരക്കും. ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയാകും പരേഡ് ചടങ്ങുകള്‍ അവസാനിക്കുക.