ലിയാഖത്ത് ഷാ തീവ്രവാദിയെന്ന് ഡല്‍ഹി പൊലീസ്, അല്ലെന്ന് എന്‍.ഐ.എ; ലിയാഖത്ത് ഷായെ എന്‍.ഐ.എ കുറ്റവിമുക്തനാക്കി

single-img
25 January 2015

Liaquatന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ലിയാഖത്ത് ഷായെ എന്‍.ഐ.എ കുറ്റവിമുക്തനാക്കി. ലിയാഖത് ഷാക്കെതിരെ ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ ചുമത്തിയ എല്ലാ ഭീകര കുറ്റാരോപണങ്ങളും എന്‍.ഐ.എ റദ്ദാക്കി. ഇദ്ദേഹത്തിനെതിരെ ഡല്‍ഹി പോലീസ് ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു.

കൂടാതെ കേസില്‍, ഷായെക്കുറിച്ച് ഡല്‍ഹി പൊലീസിന് വിവരം നല്‍കിയെന്ന് സംശയിക്കുന്ന സബിര്‍ ഖാന്‍ പത്താനെതിരെ എന്‍.ഐ.എ കുറ്റപത്രവും സമര്‍പ്പിച്ചു. കഴിഞ്ഞ മാർച്ചിലാണ് കശ്മീരിലെ കുപ്വാര സ്വദേശിയായ ഷായെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍നിന്ന് ട്രെയിന്‍ യാത്രക്കിടെ ഡല്‍ഹി പൊലീസ് സ്പെഷല്‍സെല്‍ പിടികൂടിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായി ഹോളി ആഘോഷ വേളയില്‍ ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണെന്നായിരുന്നു ഡല്‍ഹി പോലീസ് ഭാഷ്യം.  എന്നാല്‍, പൊലീസില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കി, അനുമതി വാങ്ങിയശേഷം കുടുംബത്തോടൊപ്പമാണ് ഷാ ഇന്ത്യയിലത്തെിയതെന്ന് വെളിപ്പെടുത്തി ജമ്മു-കശ്മീര്‍ പൊലീസും ഭരണകൂടവും രംഗത്തത്തെിയതോടെ സംഭവം വിവാദമായി.

ഷായുടെ അറസ്റ്റ് സംബന്ധിച്ച ദുരൂഹത നീക്കാന്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഉമര്‍ അബ്ദുല്ല അന്നത്തെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആഭ്യന്തരമന്ത്രാലയം സംഭവം അന്വേഷിക്കാന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തുകയായിരുന്നു. ലിയാഖതിന്റെ തീവ്രവാദ ബന്ധത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.