‘ഐ’യുടെ റിലീസ് ദിവസം ആരാധകരുടെ ആവേശത്തില്‍പ്പെട്ട ശ്രീകുമാറിന് നഷ്ടമായത് കഴുത്തിന് താഴേക്കുള്ള ചലനശേഷി; വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയും

single-img
24 January 2015

Sreekumarസിനിമാകാണാന്‍ തിയേറ്ററില്‍ തിക്കിതിരക്കി ആവേശം കൊള്ളുന്ന ചലച്ചിത്ര പ്രേമികള്‍ ശ്രീകുമാര്‍ എന്ന മനുഷ്യന്റെ ജീവിതമൊന്ന് കാണണം. സിനിമാ തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീകുമാര്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഇപ്പോള്‍ സഞ്ചരിക്കുമ്പോള്‍ പ്രതികൂട്ടിലാകുന്നത് സിനിമാ ആരാധകരുടെ അതിരുകടന്ന ആവേശമാണ്.

കൊല്ലം ധന്യ തിയേറ്ററില്‍ ജീവനക്കാരനായ ശ്രീകുമാര്‍ വിക്രം നായകനായ ‘ഐ’ കാണാനെത്തിയ ആരാധകന്റെ ആവേശത്തിലൂടെയാണ് ആശുപത്രി കിടക്കയിലായത്. കഴുത്തിന് താഴെ തളര്‍ന്ന ശ്രീകുമാര്‍ ഇപ്പോള്‍ അനന്തപുരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

‘ഐ’ സിനിമ കാണുന്നതിനായി പുറത്ത് കാത്തുനിന്ന ആരാധകരെ നിയന്ത്രിക്കുന്നതിനായി ഗേറ്റ് അടച്ചിരുന്നു. ഗേറ്റ് തുറന്നപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റത്തിനിടയില്‍ മതിലിന് മുകളിലൂടെ ചാടിയ ഒരു യുവാവ് ഇദ്ദേഹത്തിന്റെ കഴുത്തില്‍ വീഴുകയായിരുന്നു. ഇതിനിടെ ശ്രീകുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് ശ്രീകുമാറിനെ മാറ്റുകയായിരുന്നു.

രണ്ട് വര്‍ഷമായി തിയേറ്ററില്‍ സെക്യൂരിറ്റിയായി ജോലി നോക്കിവരികയായിരുന്നു ശ്രീകുമാര്‍. സ്വന്തമായി വീടുപോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന ശ്രീകുമാറിന്റെ കുടുംബത്തിന് ദിനംപ്രതിയുള്ള ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല. ശ്രീകുമാറിന്റെ ഭാര്യ ലതികല കടയില്‍ ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ ആയതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല.

ചികിത്സാ ചെലവിന് പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ഐ.സി.യുവിന്റെ വരാന്തയിലാണ് ലതികലയും മാതാപിതാക്കളും രാപകല്‍ ഇരിക്കുന്നത്. ശ്രീകുമാറിന് ആറ് മാസം ഫിസിയോതെറാപ്പിയും ശസ്ത്രക്രിയയും വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കനറാ ബാങ്ക് കൊല്ലം ശാഖയില്‍ ലതികലയുടെ പേരിലുള്ള 0815101906311 എന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കാം.