സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ കാഴ്ചയില്ലാത്ത ഷിഫ്‌ന മരിയ കാഴ്ചയുള്ളവരെ തോല്‍പ്പിച്ച് നേടിയ രണ്ടാം സ്ഥാനത്തിന് പൊന്‍തിളക്കം

single-img
22 January 2015

Shifnaകാഴ്ചയുടെ മനോഹാരിത നിഷേധിക്കപ്പെട്ട് ജീവിതത്തിന്റെ വേദനകള്‍ പകര്‍ന്നുനല്‍കിയ ഉള്‍ക്കാഴ്ചകളുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയ ഷിഫ്‌ന കാഴ്ചയുള്ളവരെ തോല്‍പ്പിച്ച് നേടിയ രണ്ടാം സ്ഥാനത്തിന് പൊന്‍തിളക്കം. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തിലാണു തിരുവനന്തപുരം പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷിഫ്‌ന മരിയം രണ്ടാം സ്ഥാനവും എഗ്രേഡും നേടിയത്. 15 മത്സരാര്‍ഥികളില്‍ നാലുപേര്‍ക്കു മാത്രമാണ് എ ഗ്രേഡ് ലഭിച്ചതെന്നറിയുമ്പോഴാണ് ഷിഫ്‌നയുടെ പരിമിതികളില്‍ നിന്നുള്ള അര്‍പ്പണബോധത്തിന്റെ ആഴത്തെക്കുറിച്ച് നമുക്ക് മനസ്സിലാകുന്നത്.

ശബ്ദത്തിലെ നേരിയ വ്യതിയാനങ്ങള്‍ പോലും വ്യക്തമായി മനസ്സിലാക്കി ചുറ്റും കേള്‍ക്കുന്നതെന്തിനെയും അനുകരിക്കാനുള്ള കഴിവ് ആദ്യം കണ്െടത്തിയത് കൂട്ടുകാരി അനീഷയാണ്. എന്നാല്‍ ഷിഫ്‌നയുടെ പ്രകടനം കാണാന്‍ അനീഷ കോഴിക്കോട്ട് എത്തിയിരുന്നില്ല. ഹൃദയത്തില്‍ പേയ്‌സ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയെത്തുടര്‍ന്നു തളര്‍ന്നുകിടക്കുന്ന അനീഷ പക്ഷേ ഫോണ്‍ വിളിക്കപ്പുറം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പ്രോത്സാഹനവും നല്‍കി കൂട്ടിനുണ്ടായിരുന്നു. തന്റെ രോഗക്കിടക്കയില്‍ പോലും ചിരിയുമായെത്തിയ ഷിഫ്‌ന സമ്മാനം മനടുമെന്നുതന്നെ അനീഷ ഉറച്ചു വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ തന്റെ കൂട്ടുകാരിയുടെ നിര്‍ബന്ധംമൂലം തന്നെയാണ് ഷിഫ്‌ന ഉമ്മയോടൊപ്പം കോഴിക്കോട്ടേക്ക് വണ്ടി കയറിയതുതന്നെ.

മൊബൈല്‍ ഫോണ്‍ കമ്പനികളുടെ കസ്‌റമര്‍ സര്‍വീസ് അനൌണ്‍സ്‌മെന്റുകളാണ് ഷിഫ്‌നയ്ക്ക് സമ്മാനം ടേിക്കൊടുത്ത മിമിക്രി ഐറ്റം. ആദ്യമായി മിമിക്രി കൈകാര്യം ചെയ്ത ഷിഫ്‌ന നല്ലൊരു ഉറുദു ഗസല്‍ ഗായിക കൂടിയാണ്.

കൊയ്ത്തൂര്‍കോണം സ്വദേശിയായ ഷിഫ്‌നയുടെ പിതാവ് നേരത്തെ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ താത്കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായ അമ്മ ഷാഹിനയുടെ ചെറിയ വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍ ദുരിതങ്ങള്‍ക്കിടയിലും മകള്‍ക്കു താങ്ങും തണലുമായി ഒരു ചെറിയ വിഷമം പോലും പ്രകടിപ്പിക്കാതെ ആ അമ്മ എപ്പോഴും കൂടെയുണ്ട്.