ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്ന്; 15 വര്‍ഷത്തെ തടങ്കല്‍ വാസത്തിനുശേഷം ഈറോം ശര്‍മ്മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

single-img
22 January 2015

irom-sharmila2000 നവംബര്‍ മുതല്‍ മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ(അഫ്‌സപ) ഉപവാസ സമരം ആരംഭിച്ച് തടങ്കലില്‍ കഴിയുന്ന മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള ചാനുവിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ഇറോം ശര്‍മ്മിളക്കെതിരായ ആത്മഹത്യാശ്രമമെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് ഇംഫാല്‍ കോടതി നിരീക്ഷിച്ചു.

ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന കേന്ദ്രനിലപാട് ഇറോം ശര്‍മ്മിളയ്ക്ക് അനുകൂലകരമായെന്നാണ് കരുതുന്നത്. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാവിധിയിലെ 309ാം വകുപ്പ് എടുത്തുകളയുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉപവാസം ആത്മഹത്യശ്രമമായി കണക്കാക്കാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇംഫാല്‍ കോടതി പറഞ്ഞതിനെ തുടര്‍ന്ന് ഇറോം ശര്‍മ്മിളയെ മോചിപ്പിച്ചിരുന്നുവെങ്കിലും മോചനത്തിന് ശേഷവും ശര്‍മ്മിള ഉപവാസം തുടര്‍ന്നതിനാല്‍ വീണ്ടും ആത്മഹത്യശ്രമമെന്ന കുറ്റം ചുമത്തി മണിപ്പൂര്‍ പോലീസ് ശര്‍മ്മിളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.