അടുത്ത വര്‍ഷത്തോടെ ആഗോള സമ്പത്തിന്റെ പകുതി ഒരു ശതമാനം ധനികരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുമെന്ന് പഠനം

single-img
20 January 2015

india-poorഒരു ശതമാനം ധനികരില്‍ മാത്രമായി 2016ഓടെ ലോക സമ്പത്തിന്റെ പകുതിയും കേന്ദ്രീകരിക്കപ്പെടുമെന്ന ഞെട്ടിപ്പിക്കുന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വെളിയില്‍ വന്നു. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തികഫോറം ചേരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ 80 പേരുടെ ആസ്തി 117 ലക്ഷം കോടി രൂപയാണ്. ലോകത്ത് വരുമാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന 350 കോടി ജനങ്ങളുടെ ആകെ ആസ്തിക്ക് തുല്യമാണ് ഈ വെറും 80 പേരുടെ ആസ്തി. കഴിഞ്ഞ വര്‍ഷം 85 സമ്പന്നരുടെ ആകെ ആസ്തിക്കു തുല്യമായിരുന്നു ഇത്രയും ജനങ്ങളുടെ ആസ്തി . ഇത് കൂടാതെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ ആസ്തി ലോകസമ്പത്തിന്റെ പകുതിയോളമുണ്ടായിരുന്നതും വര്‍ദ്ധിച്ച് വരുന്നതായി പഠനത്തില്‍ പറയുന്നു.

ലോകരാജ്യങ്ങളിലെ സാമ്പത്തിക അസമത്വം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് പഠനം പറയുന്നത്. 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ദരിദ്രരായ പകുതിയോളം പേരുടെ വരുമാനം ശത കോടീശ്വരന്‍മാരുടേതിന് തുല്യമായി വര്‍ദ്ധിച്ചിരുന്നുവെന്നും എന്നാല്‍ 2010ന് ശേഷം ഇവരുടെ വരുമാനം കുറയുകയും സമ്പന്നര്‍ മുന്‍ നിരയിലേക്ക് ഉയരുകയും ചെയ്തുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നൃു.

ലോകത്തില്‍ 100 കോടിയിലധികം ആളുകളുടെ ദിവസ വരുമാനം 75 രൂപയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.