ഒബാമയുടെ സുരക്ഷയ്ക്കായി ദിവസങ്ങള്‍ക്കുള്ളില്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്നതെന്തന്ന് കോടതി

single-img
17 January 2015

cctv_cam-350_090911095531ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കുള്ളില്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്കായി ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കാന്‍ മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമെന്നു ഡല്‍ഹി ഹൈക്കോടതി. അങ്ങനെ ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചാലും നടപടിയെടുക്കാന്‍ വര്‍ഷങ്ങള്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയിലെ സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിയോഗിച്ച അമികസ് ക്യൂറി മീരാ ഭാട്ടിയയുടെ റിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതിയുടെ അഭിപ്രായം. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 15,000 സി.സി.ടിവി ക്യാമറകളാണ് സർക്കാർ സ്ഥാപിക്കുന്നതിനെ കോടതി വിമർശിച്ചു.

ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് പ്രമാണിച്ചാണ് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത്ര സുരക്ഷ ഒരുക്കുന്നത്. അത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയല്ല. നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി ഇത് ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് മാസങ്ങളും വര്‍ഷങ്ങളുമെടുക്കും. കോടതി ചൂണ്ടിക്കാട്ടി. ഒബാമയുടെ പര്യടനം പ്രമാണിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ സന്ദര്‍ശനത്തിന് ശേഷം എടുത്ത് മാറ്റരുതെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ സ്ഥിരമായി നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ്, ജസ്റ്റിസുമാരായ ബി.ഡി. അഹമ്മദ്, സഞ്ജീവ് സച്‌ദേവ എന്നിവരുടെ വാക്കാലുള്ള നിരീക്ഷണം.

സ്ത്രീപീഢനം തടയാന്‍ ഡല്‍ഹിയിലങ്ങോളമിങ്ങോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഇതുവരെ പാലിച്ചിട്ടില്ലെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.