സോഷ്യൽ മീഡിയയിൽ കലോത്സവം ഹിറ്റാക്കി ഐടി@സ്കൂൾ 

single-img
17 January 2015

unnamed (1)വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ വശങ്ങൽ സമന്വയിപ്പിച്ചുകൊണ്ട് സംസ്ഥാന സ്ക്കൂള്‍ കലോത്സവം കോഴിക്കോടിന്‍റെ മണ്ണില്‍ മുന്നേറുകയാണ്. നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേഗത്തിലുള്ള ഫലപ്രഖ്യാപനവും തുടര്‍ന്ന് മത്സരാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടേയുമടക്കം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും എസ്.എം.എസ് ലൂടെ മത്സരഫലവും ലഭ്യമാക്കുന്നുണ്ട്. ‘കലോത്സവംലൈവ്’ എന്ന സോഷ്യല്‍ മീഡിയ ഹാൻഡിൽ ഉപയോഗിച്ച് വളരെ വേഗത്തിൽ കലോത്സവ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ജില്ലകള്‍ തിരിച്ചുള്ള പോയിന്‍റ് നിലവാരം ഏറ്റവും ആദ്യം ജനങ്ങളിലേക്ക് എത്തിച്ചു നല്‍കാനും പ്രധാന വേദിയിലെ മീഡിയ സെന്ററിൽ പ്രത്യേകം ന്യൂ മീഡിയസെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ സ്റ്റുഡിയോ മാനേജർ സെയ്ദ് ഷിയാസിന്റെ നേതൃത്വത്തിലാണ് ന്യൂ മീഡിയ സെൽ പ്രവർത്തിക്കുന്നത് . ഫേസ് ബുക്ക്, ട്വിറ്റർ ,ഗൂഗിൾ പ്ലസ് ,യൂടൂബ്‌ ,പിൻട്രെസ്റ്റ്,ഇൻസ്റ്റാഗ്രാം,ഡയസ്പുറ എന്നീ സോഷ്യൽ മീഡിയകളിലൂടെ കലോത്സവത്തെ ലോകത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുന്ന ജോലികളാണിവിടെ നടക്കുന്നത് .ഇവിടെ നിന്നും കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗും പ്രവർത്തിക്കുന്നുണ്ട് .19,000 ആളുകൾ ഇതിനകം www.facebook.com/Kalolsavamlive എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു. ഐടി @ സ്കൂളാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക സഹായം നല്കുന്നത് . കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ന്യൂ മീഡിയ സെൽ തുറക്കുന്നത് .

 

 

കലോത്സവത്തിലെ മുഴുവന്‍ മത്സരങ്ങളുടെ വിവരങ്ങളും, സമയക്രമവും ഉള്‍പെടുത്തിക്കൊണ്ട് ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനും, വെബ്സൈറ്റും, രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ സുതാര്യമായി നടപ്പിലാക്കാന്‍ പ്രത്യേകം നിര്‍മിച്ച സോഫ്റ്റ് വേയറും,എല്ലാ വേദികളിലെയും പരിപാടികള്‍ ഒന്നിച്ചു കാണാനും ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും ‘ആള്‍ ഇന്‍ വണ്‍ സെന്‍ററും’ അതിവേഗ വൈഫൈ കോര്‍ണറുകളും മറ്റു ഐടി അധിഷ്ഠിത സംവിധാനങ്ങളും ഐ.ടി@സ്ക്കൂളിന്‍റെ നേതൃത്വത്തിലാണ് സജ്ജമാക്കിയിരിക്കുന്നത് .

 

 

ഐടി@സ്ക്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. നൗഫൽ,വിക്ടേഴ്സ് ഹെഡ് സലിൻ മാങ്കുഴി,വിദ്യാഭ്യാസ മന്ത്രിയുടെ പി ആർ ഒ കെ.എൻ.രാജേശ്വരൻ,ഐടി@സ്ക്കൂള്‍ ജില്ലാ കോർഡിനേറ്റർ വി.കെ.ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവ വേദികളില്‍ നിന്നുള്ള ഐടി@സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. കലോത്സവത്തിന്റെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9809385113 എന്ന നമ്പരിൽ ബന്ധപ്പെടാം .