2050 ല്‍ പമ്പനദി, അച്ചന്‍കോവിലാറ്, മീനച്ചലാറ്, മണിമലയാറ്, മൂവാറ്റുപുഴയാറ് എന്നീ നദികള്‍ ഇല്ലാതാകും; ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലായി മരുഭൂമിക്ക് തുല്യമാകും: കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിദഗ്ദസമിതി റിപ്പോര്‍ട്ട്

single-img
16 January 2015

pambariverതമിഴ്‌നാടിന്റെ ആവശ്യം നടപ്പിലാകുകയാണെങ്കില്‍ 2050 ല്‍ ജലക്ഷാമംമൂലം മധ്യതിരുവിതാംകൂറിലെ മീനച്ചില്‍, മണിമല, പമ്പ, അച്ചന്‍കോവില്‍, മുവാറ്റുപുഴ എന്നീ നദികള്‍ ഇല്ലാതാകുമെന്നും ഇവയൊഴുകുന്ന പ്രദേശങ്ങള്‍ രൂക്ഷമായ വരള്‍ച്ചയുടെ പിടിയില്‍പ്പെട്ട് മരുഭൂമിക്ക് തുല്യമാകുമെന്നും വിദഗ്ദസമിതി റിപ്പോര്‍ട്ട്. ഡല്‍ഹി ഐഐടിയിലെ ജല വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. ഗൊസൈന്‍ തയാറാക്കിയ റിപ്പോര്‍ട്ട് നദീസംയോജനത്തിനു നേതൃത്വം നല്‍കുന്ന കേന്ദ്ര ഉന്നതാധികാര സമിതിക്കു മുന്നില്‍ കേരളം ഹാജരാക്കും.

കൂട്ടത്തില്‍ 970 ഘനയടി ജലം പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്ന് പ്രതിവര്‍ഷം ലഭിച്ചില്ലെങ്കില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എല്ലാ മേഖലയിലും ജലക്ഷാമം നേരിടുമെന്ന ജലവിഭവ വകുപ്പിന്റെ കണക്കും സമര്‍പ്പിക്കും. കേരളത്തിലെ നദികളില്‍ അധിക ജലമില്ലെന്നു മാത്രമല്ല, ആവശ്യത്തിനു പോലും ജലമില്ലെന്നും ഈ റിപ്പോര്‍ട്ടുകളിലൂടെ സ്ഥാപിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ 20 ശതമാനം വെള്ളം അധികമുണ്ടെന്നും ഈ ജലം തമിഴ്‌നാട്ടിലേക്കു വഴിതിരിച്ചു വിടണമെന്നുമാണു തമിഴ്‌നാടിന്റെ ആവശ്യം. പകരം 150 ഘനയടി വെള്ളവും 500 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും നല്‍കാമെന്നാണു വാഗ്ദാനം. ആസന്നമായ ജലക്ഷാമം നേരിടുന്നതിന് പമ്പ, അച്ചന്‍കോവില്‍ നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിച്ചു ജലസംഭരണത്തിനു ശ്രമം ആരംഭിക്കണമെന്നാണു വിദഗ്ധ സമിതിയുടെ ശുപാര്‍ശ.