കൗമാര മഹോത്സവത്തിന് കൊടിയേറി

single-img
15 January 2015

untyinamed55ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടാണ് പതാക ഉയര്‍ത്തിയത്. കലാ-സാംസ്‌കാരിക പൈതൃകത്തിന്റെ രാജവീഥികളില്‍ വര്‍ണങ്ങളുടെ മഹാപ്രപഞ്ചമായിമാറുന്ന ഘോഷയാത്രയോടെയാണ് കളിവിളക്കിന് തിരി തെളിയുക. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചടങ്ങിന് മുന്നോടിയായി ജില്ലയിലെ 55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനാലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറും.

 

ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ടം മല്‍സരം ആരംഭിക്കും. നഗരത്തിലൊരുക്കിയ 18 വേദികളില്‍ 11,000ത്തിലധികം മത്സരാര്‍ഥികളാണ് മാറ്റ് തെളിയിക്കുക. 232 ഇനങ്ങളിലാണ് പൊടിപാറുന്ന പോരാട്ടം. ഇതില്‍ 66 ഗ്രൂപ് ഇനങ്ങളാണ്. മേളയുടെ ചരിത്രത്തില്‍ 15 തവണ സ്വര്‍ണക്കപ്പ് നേടിയ ജില്ലയിലാണ് മേള. ഏഴ് വര്‍ഷമായി കോഴിക്കോട് തന്നെയാണ് സ്വര്‍ണക്കപ്പുള്ളത്. 2010ല്‍ 50ാം കലോത്സവത്തിനാണ് അവസാനം കോഴിക്കോട് ആഥിത്യമരുളിയത്.