ഈ കൃഷിരീതി മാതൃകയാക്കാം; ജൈവകൃഷിയുടെ ഹരിതസന്ദേശവുമായി 3000 വീടുകളില്‍ അടുക്കളത്തോട്ടം ഒരുങ്ങുന്നു

single-img
15 January 2015

adഈ കുടുംബങ്ങള്‍ ഇനി ഒരു കുടക്കീഴില്‍ അണിചേരുകയാണ്………. ജൈവകൃഷിയുടെ ഹരിതസന്ദേശം മുഴുവന്‍ മലയാളി മനസ്സുകളില്‍ എത്തിക്കാന്‍. ജൈവകൃഷിയിലൂടെ വീടുകളില്‍ പച്ചക്കറികള്‍ നട്ടുവളര്‍ത്തി സ്വയംപര്യാപ്തത നേടാനൊരുങ്ങുന്നത് 3000 ത്തോളം കുടുംബങ്ങളാണ്. കോട്ടയം ജില്ലയിലെ വാഴപ്പള്ളി പഞ്ചായത്തിലെ ചീരംചിറയിലുള്ള ആറ് വാര്‍ഡുകളിലാണ് ‘ജീവനം അടുക്കളത്തോട്ടം പദ്ധതി നടപ്പാക്കുന്നത്.

വെണ്ട, പയര്‍, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി നിരവധി പച്ചക്കറിയിനങ്ങള്‍ പദ്ധതിയിലൂടെ വീടുകളില്‍ ലഭ്യമാകും. വിഷലിപ്തമായ പച്ചക്കറിയുടെ ഉപയോഗം കേരളത്തില്‍ ക്യാന്‍സര്‍, വൃക്ക-കരള്‍ രോഗങ്ങള്‍ എന്നിവ ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലാണു മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിലെ 10, 11, 12, 13, 14, 15 വാര്‍ഡുകളിലാണു പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പദ്ധതി നടത്തിപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമീപ മേഖലകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി കാര്യക്ഷമമാക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റികളും കൂടാതെ വാര്‍ഡുതലത്തില്‍ മാസ്റ്റര്‍ ഫാര്‍മറുടെ നേതൃത്വത്തില്‍ മുപ്പതംഗ കമ്മിറ്റികളും ഉണ്ടായിരിക്കും. ഓരോ പ്രദേശത്തും 10 കൃഷിക്കാരടങ്ങുന്ന ‘ജീവനശ്രീ സംരംഭവും ഇതിന്റെ ഭാഗമായിരിക്കും.

പച്ചക്കറി ഉല്‍പാദനം ആകര്‍ഷകമാക്കാന്‍ വെജിറ്റബിള്‍ പാര്‍ക്ക്, കൃഷിയില്‍ കൃത്യമായ ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാന്‍ വെജിറ്റബിള്‍ ക്ലിനിക്ക് എന്നിവ പ്രവര്‍ത്തനമാരംഭിക്കും. ഇതിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറിയിനങ്ങള്‍ക്കു കാര്‍ഷിക
സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കുമെന്നു സര്‍ക്കാര്‍കേന്ദ്രങ്ങള്‍ ഉറപ്പു നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.