ഇവര്‍ അത്താഴക്കൂട്ടം; വിവാഹംപോലുള്ള ആഘോഷങ്ങളില്‍ ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ച് പൊതികളാക്കി വൈകുന്നേരങ്ങളില്‍ ഒരുനേരത്തെ ആഹാരത്തിന് വേണ്ടി കൈനീട്ടുന്ന തെരുവിന്റെ മക്കള്‍ക്ക് എത്തിക്കുന്നത് തങ്ങളുടെ കടമയായി സ്വീകരിച്ച യുവാക്കളുടെ സംഘം

single-img
14 January 2015

Athazhakoottom

തൃശൂര്‍ തൊഴിയൂര്‍ നിവാസികളായ ഷെബീര്‍, സുനില്‍, ഫാറൂക്ക്, അനസ്, ഉസ്മാന്‍, മുരളി എന്നിവരടങ്ങുന്ന സംഘത്തെ ഒരുപക്ഷേ തൃശൂരിലെയും അടുത്തജില്ലകളിലേയും ആരും അറിയില്ല. പക്ഷേ തെരുവില്‍ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന പാവങ്ങള്‍ അറിയും. കാരണം എന്നും വൈകുന്നേരങ്ങളില്‍ തൃശൂര്‍ ഠൗണിലെ ഏതെങ്കിലും ഒരു സ്ഥലത്ത് അവര്‍ക്കുള്ള അത്താഴവുമായി ഈ ‘അത്താഴക്കൂട്ട’ക്കാര്‍ ഉണ്ടാകും. ഒരു പ്രതിഫലവുമിച്ഛിക്കാതെ തെരുവിലലയുന്നവരുടെ ഒരുനേരത്തെ കണ്ണീരെങ്കിലുമൊപ്പുന്ന ഇവരുടെ സംഘടനയാണ് അത്താഴക്കൂട്ടം.

നാട്ടിലോ അയല്‍നാടുകളിലോ നടക്കുന്ന കല്ല്യാണമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആവശ്യം കഴിഞ്ഞ് അധികം വരുന്ന ഭക്ഷണസാധനങ്ങളാണ് അത്താഴക്കൂട്ടം തെരുവിന്റെ മക്കള്‍ക്ക് എത്തിക്കുന്നത്. ഭക്ഷണസാധനങ്ങള്‍ അറിയിക്കുന്നതിനനുസരിച്ച് സ്ഥലത്തെത്തി ശേഖരിച്ച് ഇവര്‍ ഓരോ പൊതികളാക്കി മാറ്റുന്നു. ഈ പൊതികളുമായി സായന്തനങ്ങളില്‍ ഇവര്‍ തെരുവിലേക്കിറങ്ങും. അവിടെ യാചിച്ചും മാനസികനില തെറ്റിയും കടത്തിണ്ണയിലും റോഡിലുമൊക്കെ തളര്‍ന്നിരിക്കുന്നവര്‍ക്ക് ഒത്തിരി സ്‌നേഹത്തോടൊപ്പം ഈ പൊതികളും അവര്‍ നീട്ടും.

മൂന്നുമാസം മുമ്പാണ് അത്താഴക്കൂട്ടത്തിന്റെ ജനനം. തൃശൂര്‍ ഠൗണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മറ്റുള്ളവര്‍ ഭക്ഷിച്ച് ഉപേക്ഷിച്ച് പോകുന്ന പൊതികളില്‍ നിന്നും നാമമാത്രമായ ഭക്ഷണം കണ്ടെത്തുന്ന പാവങ്ങള്‍ ഈ സംഘാംഗങ്ങളുടെ മനസ്സില്‍ പതിഞ്ഞതാണ് ഈ ഒരു സംഘടനയുടെ പിറവിക്ക് കാരണമായത്. അന്ന് സംഘാംഗങ്ങള്‍ കൂടി തുരമാനമെടുത്ത് ഇത്തരത്തില്‍ ഒരു പരിപാടി ആസുത്രണം ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായി ആഘോഷങ്ങളില്‍ ഭക്ഷണം ബാക്കിവരികയാണെങ്കില്‍ അത് തങ്ങളെ അറിയിക്കണമെന്ന് കാട്ടി എല്ലാ കല്ല്യാണഹാളിലും ബസ് സ്‌റ്റോപ്പുകളിലും പ്രമുഖയിടങ്ങളിലും അത്താഴക്കൂട്ടം പോസ്റ്റര്‍ ഒട്ടിച്ചു.

IMG-20150114-WA0008പ്രതീക്ഷിച്ചതിനേക്കാളും വലിയ പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്നുമുണ്ടായത്. പല ആഘോഷക്കൂട്ടങ്ങളില്‍ നിന്നും അത്താഴക്കൂട്ടത്തിന് വിളിയുണ്ടായി. തൃശൂര്‍ ജില്ലയ്ക്കു പുറത്തുപോലും അത്താഴക്കൂട്ടത്തെ അറിയുന്നവര്‍ ഉണ്ടാകുകയും ഒരുപക്ഷേ ആഘോഷമില്ലെങ്കില്‍ കൂടി ഭക്ഷണ സാധനങ്ങള്‍ വാങ്ങിനല്‍കാനുള്ള മനസ്സ് ജനങ്ങള്‍ കാണിച്ചുതുടങ്ങുകയും ചെയ്തു. വലിയൊരു പ്രോത്സാഹനമായിരുന്നു അത്താഴക്കൂട്ടുകാര്‍ക്ക് അതുവഴി ലഭിച്ചത്.

ആള്‍ക്കാര്‍ ആഹാരം കൊണ്ടുപോകാനായി വിളിക്കുമ്പോള്‍ പോയി ആഹാരം എടുത്തുവരുന്നതും അതിനെ പൊതികളാക്കുന്നതുമൊക്കെ സ്വന്തം ചെലവില്‍ തന്നെയാണ് ഇവര്‍ ചെയ്യുന്നത്. പക്ഷേ അക്കാര്യത്തിലൊന്നും അവര്‍ക്ക് യാതൊരുവിധ വിഷമവുമില്ല. തങ്ങളുടെ ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട കടമയുടെ ഭാഗമാണിതെന്ന് ഇവര്‍ തീര്‍ച്ചയായും കരുതുന്നു. ഇപ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളവും വിദേശത്തു നിന്നും വരെ ഇവരെ അഭിനന്ദിച്ചുകൊണ്ട് ഫോണ്‍കോളുകളും മറ്റും വരുമ്പോള്‍ അതെല്ലാം പാവങ്ങള്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രോത്സാഹനമായി എടുക്കുകയാണ് ഈ അത്താഴക്കൂട്ടം.

അത്താഴക്കൂട്ടത്തിനെ ബന്ധപ്പെടാനുള്ള നമ്പര്‍: 9809519840, 9633995273, 9633229899, 9656150887