അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വീണ്ടും ഇടിഞ്ഞു; ബാരലിന് 50 ഡോളറില്‍ താഴെ

single-img
6 January 2015

petrolമുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച എണ്ണവില ബാരലിന് 50 ഡോളറില്‍ താഴെയെത്തി.  ഇതോടെ ആഗോളതലത്തില്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. 2009 മേയ് മാസത്തിനു ശേഷം ആദ്യമായാണ് എണ്ണവില ഈ നിരക്കില്‍ എത്തുന്നത്.

യു.എസ് വിപണിയില്‍ എണ്ണ വില തിങ്കളാഴ്ച ബാരലിന് 49.95 ഡോളറില്‍ എത്തിയിരുന്നു. പിന്നീട്  ബ്രെന്റ് ക്രൂഡിന്റെ വില 53.11 ഡോളറായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എണ്ണവിലയില്‍ തകര്‍ച്ച നേരിടുകയാണ്.

റഷ്യ, ഇറാക്ക് എന്നീ എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതും വിലയിടിവിനെ ഉത്പാദനം കുറച്ച് നേരിടേണ്ടെന്ന് എണ്ണ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതും വിലയിടിവ് തുടരാന്‍ ഇടയാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ക്രൂഡിന്റെ വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചതും വിലത്തകര്‍ച്ചയ്ക്കു കാരണമാണ്. വരുംദിനങ്ങളിലും വിലയിടിവ് തുടര്‍ന്നേക്കുമെന്നാണ് സൂചന.

എണ്ണവിലയിലെ തകര്‍ച്ച ഇന്ത്യന്‍ വിപണികളും മറ്റ് ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. ബി.എസ്.ഇ സെന്‍സെക്‌സ് ചൊവ്വാഴ്ച രാവിലെ 500 പോയിന്റ് നഷ്ടത്തില്‍ 27,330 എത്തി. ദേശീയ സൂചികയായ നിഫ്റ്റി 142.30 പോയിന്‍്‌റ് താഴ്ന്ന് 8,236.10ലാണ് വ്യാപാരം തുടരുന്നത്.

വിമാന ഇന്ധനത്തിനേക്കാള്‍ കൂടുതല്‍ പെട്രോളിന് വിലയുള്ള കാലമാണ് മോദി ഭരണത്തിന്‍െറതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിലക്കുറവിന്‍െറ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം തീരുവ മൂന്നു തവണ കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.