ഗുജറാത്ത് പോലീസിന്റെ തീവ്രവാദ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ചവര്‍ വിളിച്ചതും ഇസ്ലാമിക മുദ്രാവാക്യങ്ങള്‍

single-img
2 January 2015

Islamഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ച പൊലീസുകാര്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്തുവന്നു. നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നടത്തിയ പൊലീസ് മോക്ഡ്രില്ലിന്റെ വീഡിയോ ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്.

സൂറത്ത് പൊലീസിന്റെ മോക്ഡ്രില്‍ തീവ്രവാദികളായി അഭിനയിച്ച പൊലീസുകാര്‍ മുസ്ലീം വേഷം ധരിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

തീവ്രവാദത്തെ ഏതെങ്കിലും മതവുമായി കൂട്ടിചേര്‍ക്കുന്നത് തെറ്റാണ്. ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും നര്‍മ്മദ പൊലീസ് മേധാവി ജയ്പാല്‍സിന്‍ഹ് റത്തോര്‍ പറഞ്ഞു. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നടത്താറുള്ള പൊലീസ് പരിശീലനത്തിന്റെ ഭാഗമാണ് മോക്ഡ്രില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.